ഫോൺ ഓഫായിപ്പോയി; കുടകിൽ നാലു ദിവസത്തെ തിരച്ചിലിന് ഒടുവിൽ ശരണ്യയെ കണ്ടെത്തി

Wait 5 sec.

കുടകിൽ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് സ്വദേശിശിയും ഐടി പ്രൊഫഷണലുമായ ശരണ്യയെ (36) കണ്ടെത്തി. നാലു ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. കുടകിലെ തഡിയൻഡമോൾ എന്ന മലയുടെ താഴ്വാരത്ത് വച്ചാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. നാലു സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്. ശരണ്യ അമ്മയുമായി ഫോണിൽ സംസാരിച്ചു.താൻ ആരോഗ്യവതിയാണ് എന്നും ചാർജ് തീർന്ന് ഫോൺ ഓഫായി പോയതോടെ മറ്റുള്ളവരെ ബന്ധപ്പെടാൻ തടസം നേരിട്ടെന്നും ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. “കയ്യിൽ ഉണ്ടായിരുന്നത് അര ലിറ്റർ വെള്ളം മാത്രമായിരുന്നു. തിരിച്ചുവരാനുള്ള വഴി അറിയില്ലായിരുന്നു. വഴിയും ദുർഘടമായിരുന്നു. പലയിടത്തും വഴുക്കൽ ഉണ്ടായിരുന്നു. ഞാൻ ആരോഗ്യവതിയാണ്,” ശരണ്യ പറഞ്ഞു.ശരണ്യയെ കണ്ടെത്താൻ ഇടപെടണം എന്നാവശ്യപ്പെട്ട് നേരത്തെ പിണറായി വിജയനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സിദ്ധരാമയ്യയുമായി ബന്ധപ്പെട്ടിരുന്നു. ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്കായിരുന്നു ശരണ്യ യാത്ര ചെയ്തത്. ഇതിനിടെ വഴി തെറ്റുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു.എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണ് ശരണ്യ വ്യാഴാഴ്ച കുടകിൽ എത്തിയത്. ട്രക്കിങ്ങിനിടെ വഴി തെറ്റിയെന്ന് അറിയിക്കുന്ന ശരണ്യയുടെ സന്ദേശം ഉച്ചയ്ക്ക് രണ്ടിന് ലഭിച്ചതായി ഹോം സ്‌റ്റേ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.വിവരം ലഭിച്ചയുടനെ കർണാടക വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ട്രെക്കിങ് റൂട്ടിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല.The post ഫോൺ ഓഫായിപ്പോയി; കുടകിൽ നാലു ദിവസത്തെ തിരച്ചിലിന് ഒടുവിൽ ശരണ്യയെ കണ്ടെത്തി appeared first on ഇവാർത്ത | Evartha.