കല്‍പ്പറ്റ | തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ മുന്‍ ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി നാളെ ബത്തേരിയിലെത്തുമ്പോള്‍ ഉപവാസമനുഷ്ഠിക്കുമെന്ന് വിജയന്റെ കുടുംബം അറിയിച്ചു. ബത്തേരി ഗാന്ധി സ്‌ക്വയറിലാണ് ഉപവാസം നടത്തുക.വിജയന്റെ മരണത്തില്‍ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി എത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉപാവസമെന്ന് എന്‍ എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നല്‍കിയതിലും പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി എത്തുന്നതും എന്‍ എം വിജയനോട് ചെയ്യുന്ന നീതികേടാണ്. കേസില്‍ പ്രതിയായവരെ മാറ്റിനിര്‍ത്തുമെന്ന് വീട്ടിലെത്തിയപ്പോള്‍ പ്രിയങ്കാ ഗാന്ധി എം പി പറഞ്ഞതാണ്. എന്നിട്ടും സീറ്റ് നല്‍കി. കൂടാതെ അവര്‍ തന്നെ പ്രചാരണത്തിനും എത്തുന്നു. ഇത് അംഗീകരിക്കാനാകില്ല. വഞ്ചനയാണിതെന്നും കുടുംബം പറഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ പിതാവിനെ സ്നേഹിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.വിജയനെ പീഡിപ്പിച്ച് കൊന്നു; ഗുരുതര വെളിപ്പെടുത്തലുമായി മുസ്‌ലിം ലീഗ് നേതാവ്വിജയന്റെ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി മുസ്‌ലിം ലീഗ് നേതാവ് രംഗത്തെത്തി. വിജയനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മുസ്‌ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു. വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണം നിലവില്‍ പുറത്തുവന്ന കാര്യങ്ങളല്ല. അന്വേഷണം നടത്തിയാല്‍ ഗാന്ധി സ്‌ക്വയറില്‍ സത്യഗ്രഹം ഇരിക്കുന്നവര്‍ ഇതില്‍ ഉള്‍പ്പെടും. പോലീസ് കോടതിയില്‍ നല്‍കിയ ആത്മഹത്യാ കുറിപ്പ് പുറത്തുവിടാന്‍ തയ്യാറാകണം. വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ്സിനോ ഐ സി ബാലകൃഷ്ണനോ ബന്ധമില്ല. കോടതി പ്രതിയെന്ന് തീരുമാനിക്കും വരെ ബാലകൃഷ്ണന്‍ കുറ്റക്കാരനല്ലെന്നും ടി മുഹമ്മദ് പറഞ്ഞു.