കേരളത്തില്‍ പത്ത് വര്‍ഷം എല്‍ ഡി എഫ് ഭരിച്ചിട്ട് നിക്ഷേപവും വികസനവും വന്നില്ല: ഡി കെ ശിവകുമാര്‍

Wait 5 sec.

തിരുവനന്തപുരം | കേരളത്തില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം എല്‍ ഡി എഫ് ഭരിച്ചിട്ട് നിക്ഷേപവും വികസനവും വന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കെ പി സി സി ആസ്ഥനമായ ഇന്ദിരാ ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തൊഴിലില്ലായ്മ വലിയ പ്രശ്‌നമായി മാറുകയാണ്. ഓരോ വര്‍ഷവും 25 ലക്ഷം പേരാണ് തൊഴില്‍ തേടി നാടുവിടുന്നത്. അവര്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തൊഴില്‍ തേടി പോകുന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ അധ്വാനശീലരാണ്. ഇവര്‍ക്ക് അവസരങ്ങള്‍ നല്‍കാതെ എന്തിനാണ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. ഇവിടെ ആവശ്യത്തിലധികം മനുഷ്യ വിഭവശേഷിയുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരുണ്ട്. എന്നിട്ടും അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല.നിക്ഷേപം നടത്തുന്നവര്‍ക്ക് ചില ഉറപ്പുകളും സുരക്ഷിതത്വവും നല്‍കണം. നയങ്ങള്‍ അത്തരത്തില്‍ ഉണ്ടാവണം. അനാവശ്യ സമരങ്ങള്‍ ഒഴിവാക്കണം. അങ്ങനെയെങ്കില്‍ നിക്ഷേപം വരും. യു ഡി എഫ് വന്നാല്‍ അതുണ്ടാകുമെന്നാണ് കരുതുന്നത്. ഹൈവേകളെയും എയര്‍പോര്‍ട്ടിനെയും തുറമുഖങ്ങളെയും എതിര്‍ത്ത പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സിയായ സി ബി ഐ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നും ശിവകുമാര്‍ ചോദിച്ചു.വലിയ കൊള്ളയാണ് ശബരിമലയില്‍ നടന്നത്. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള അന്തര്‍ധാര കൊണ്ടാണ് വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടാതിരിക്കുന്നത്. തീര്‍ച്ചയായും ഈ പാര്‍ട്ടികള്‍ തമ്മില്‍ തിരഞ്ഞെടുപ്പില്‍ ഡീലുണ്ടെന്നാണ് ഇത് കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഒരു ചോദ്യവും പിണറായിയോട് ചോദിക്കുന്നില്ല. അവര്‍ തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. എന്നാല്‍ സമീപ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ അങ്ങനെയല്ല. ഏത് കേസുണ്ടായാലും അതിന് പിന്നാലെ ഇ ഡിയടക്കം ഏതെങ്കിലുമൊരു കേന്ദ്ര ഏജന്‍സിയുണ്ടാവും. കേരള സര്‍ക്കാറിന്റെ അടുത്ത സുഹൃത്താണ് ബി ജെ പി. മുഖ്യമ്രന്തിയുടെ കുടുംബത്തിന്റേതടക്കം ഒരുപാട് അഴിമതികള്‍ ഉണ്ടായിട്ടും ഒരു അന്വേഷണവും ഏജന്‍സികള്‍ നടത്തുന്നില്ലെന്നും ശിവകുമാര്‍ പറഞ്ഞു.