സി പി എം-ബി ജെ പി ഡീല്‍ ആരോപണം ചിരിച്ചു തള്ളുന്നു: മുഖ്യമന്ത്രി

Wait 5 sec.

തിരുവല്ല | കോ ലീ ബി സഖ്യമുണ്ടാക്കിയതും നേമത്ത് ബി ജെ പി അക്കൗണ്ട് തുറക്കാന്‍ സഹായം ചെയ്തതും കോണ്‍ഗ്രസ്സും യു ഡി എഫും ആണെന്നും അവരിപ്പോള്‍ ഉന്നയിക്കുന്ന ഡീല്‍ ആരോപണം ചിരിച്ചു തള്ളുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും ബി ജെ പിയുടെ ബി ടീമാണ്. എന്ത് വൃത്തികേട് കാണിക്കാനും മടിക്കാത്തവരാണ് കോണ്‍ഗ്രസ്സ്. മുമ്പ് അരവിന്ദ് കെജ്‌രിവാളിനെ ബി ജെ പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍ കൈയടിച്ചും പടക്കം പൊട്ടിച്ചും പ്രോത്സാഹിപ്പിച്ചവരാണ് കോണ്‍ഗ്രസ്സുകാരെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തനംതിട്ട കോന്നി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ബി ജെ പിയെ നിയമസഭയിലെത്തിക്കാന്‍ കോലീബി സഖ്യം രൂപപ്പെടുത്തിയ ചരിത്രമൊക്കെ ഏവര്‍ക്കും അറിവുള്ളതാണ്. അന്ന് അതു സാധിക്കാതെ പോയെങ്കില്‍ നേമത്തു നിന്ന് ബി ജെ പിക്ക് ആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിച്ചതും കോണ്‍ഗ്രസ്സാണ്. അന്ന് അതാരും വിശ്വസിച്ചില്ല. ഞങ്ങള്‍ അക്കാര്യം പറയുകയും പിന്നീട് നേമത്തെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു.ശബരിമല വിഷയത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൃത്യതയോടെ നിലപാട് സ്വീകരിച്ചു. പരാതി ആദ്യം ഉയര്‍ന്നുവരുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തലോടെയാണ്. ദ്വാരപാലക പീഠം കണ്ടെടുത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ്. ഇതിനു പിന്നില്‍ ദുരുദ്ദേശം ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. ഇതിന്റെ ഭാഗമായി മറ്റു കാര്യങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൃത്യമായ നിലപാടെടുത്തു. അന്വേഷണത്തിനിടെ നിരവധി പരാതികള്‍ ഉയര്‍ന്നു. അതില്‍ ഹൈക്കോടതി വ്യക്തത വരുത്തി. കുറ്റപത്രം വരാന്‍ വൈകിയതു കൊണ്ടാണ് പത്മകുമാറിനു ജാമ്യം കിട്ടിയത്. സി പി എം എല്ലാ ചുമതലകളില്‍ നിന്നും പത്മകുമാറിനെ മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും ഇത് പാര്‍ട്ടി നടപടിക്രമങ്ങളുടെ ഭാഗമായി തന്നെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.കേരളത്തില്‍ ഭരണമാറ്റം വേണമെന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം അങ്ങനെ പറയില്ല എന്നാണ് കരുതുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കി പറയുന്നയാളാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എല്‍ ഡി എഫ് മുന്നോട്ടുവച്ച പ്രകടന പത്രിക പൂര്‍ണമായും നടപ്പാക്കാനായി. ക്ഷേമ പെന്‍ഷനുകള്‍ നല്‍കിയതും ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തതുമടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കി. കേരളത്തിലെ ജനങ്ങളുടെ ചികിത്സാ ചെലവില്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ 60 ശതമാനത്തിന്റെ കുറവുണ്ടായി. പത്ത് കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ഇതിനോടകം നടപ്പാക്കി. ജില്ലാ ആശുപത്രികളില്‍ കാത്ത്‌ലാബുകള്‍ നിലവില്‍ വന്നു. വെന്റിലേറ്ററായിരുന്ന ആരോഗ്യമേഖലയെയാണ് ഇന്ന് തിളക്കമാര്‍ന്ന നേട്ടത്തിലേക്ക് എല്‍ ഡി എഫ് കൊണ്ടുവന്നത്. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയര്‍ത്തുകയാണ് ഇനിയുള്ള ലക്ഷ്യം. ജനം ഒറ്റക്കെട്ടായി എല്‍ ഡി എഫിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.കോന്നി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു.