മനാമ: ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബഹ്റൈന്‍. പുതിയ പട്ടികയില്‍ 55-ാം സ്ഥാനത്താണ് ബഹ്റൈനുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനവും രാജ്യം സ്വന്തമാക്കി.ഗാലപ്പ്, ഓക്സ്ഫോര്‍ഡ് വെല്‍ബീയിംഗ് റിസര്‍ച്ച് സെന്റര്‍, യുഎന്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് എന്നിവയുടെ പങ്കാളിത്തത്തോടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് മാര്‍ച്ച് 20 ന് ലോക സന്തോഷ ദിനത്തോടനുബന്ധിച്ചാണ് പ്രസിദ്ധീകരിച്ചത്. സാമൂഹിക പിന്തുണ, പ്രതിശീര്‍ഷ ജിഡിപി, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള കാഴ്ചപ്പാട്, വൈകാരികാവസ്ഥ എന്നിവ അടിസ്ഥാനമാക്കി 147 രാജ്യങ്ങളെയാണ് ഈ റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്തത്.2025-ല്‍ അന്താരാഷ്ട്ര തലത്തില്‍ 59-ാം സ്ഥാനത്തും ജിസിസിയില്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു ബഹ്റൈന്‍. ഇത്തവണ ഗള്‍ഫ് മേഖലയില്‍ യുഎഇ (21) ആണ് ഒന്നാമത്. സൗദി അറേബ്യ (22), കുവൈറ്റ് (40), ബഹ്റൈന്‍ (55), ഒമാന്‍ (58) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ സ്ഥാനങ്ങള്‍. ഖത്തറിനെ ഇത്തവണയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ 10-ല്‍ 6.254 ആണ് ബഹ്റൈന്റെ ശരാശരി സ്കോര്‍. 2025-നെ അപേക്ഷിച്ച് 0.224-ന്റെ വര്‍ദ്ധനവാണിത്. അപകടഘട്ടങ്ങളില്‍ സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെന്ന് ബഹ്റൈനിലെ 84.4 ശതമാനം പേരും അഭിപ്രായപ്പെട്ടു. സ്വന്തം ജീവിതത്തിലെ തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ 94.1 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി.തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ഫിന്‍ലാന്‍ഡ് ആണ് പട്ടികയില്‍ ഒന്നാമത്. ഐസ്ലാന്‍ഡ്, ഡെന്മാര്‍ക്ക്, കോസ്റ്റാറിക്ക, സ്വീഡന്‍ എന്നിവ തൊട്ടുപിന്നാലെയുണ്ട്. പട്ടികയില്‍ ഏറ്റവും പിന്നിലായി അഫ്ഗാനിസ്ഥാന്‍, സിയറ ലിയോണ്‍, മലാവി, സിംബാബ്വെ, ബോട്സ്വാന എന്നീ രാജ്യങ്ങളാണ് ഇടംപിടിച്ചത്. അമേരിക്ക 23-ാം സ്ഥാനത്തും ബ്രിട്ടന്‍ 29-ാം സ്ഥാനത്തുമാണ്.