ജെന്‍സി പ്രക്ഷോഭത്തില്‍ ഉത്തരവാദിത്തം; നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി അറസ്റ്റില്‍

Wait 5 sec.

ന്യൂഡല്‍ഹി | കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ നടന്ന രക്ത രൂക്ഷിതമായ ജെന്‍സി പ്രക്ഷോഭത്തില്‍ ഉത്തരവാദിത്തം ആരോപിച്ച് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ അറസ്റ്റ് ചെയ്തു. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് നടപടി.ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയില്‍ നിന്നാണ് ഒലിയെ നേപ്പാള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒലിയോടൊപ്പം മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖകും അറസ്റ്റിലായി. അവര്‍ രാവിലെയാണ് അറസ്റ്റിലായതെന്നും നിയമ നടപടികള്‍ മുന്നോട്ടു പോവുകയാണെന്നും കാഠ്മണ്ഡു താഴ്‌വര പോലീസ് വക്താവ് ഓം അധികാരി പറഞ്ഞു.ആരും നിയമത്തിന് അതീതരല്ലെന്നും വാക്കു പറഞ്ഞാല്‍ വാക്കാണെന്നും അറസ്റ്റിനു പിന്നാലെ പുതിയ ആഭ്യന്തര മന്ത്രി സുധാന്‍ ഗുരുങ്ങ് പറഞ്ഞു. രാജ്യം പുതിയ ദിശയില്‍ സഞ്ചരിക്കുകയാണെന്നും അറസ്റ്റ് ഒരു പ്രതികാര നടപടിയല്ലെന്നും പറഞ്ഞ ആഭ്യന്തര മന്ത്രി, അറസ്റ്റിനു ശേഷമുള്ള അന്തരീക്ഷം നിയന്ത്രണ വിധേയമാണെന്നും എക്‌സ് പോസ്റ്റില്‍ പറഞ്ഞു.അറസ്റ്റ് പ്രതികാര നടപടിയാണെന്നും ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും ശര്‍മ ഒലി മാധ്യമങ്ങളോടു പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ എട്ട്, ഒമ്പതു തിയ്യതികള്‍ അഴിമതിക്കെതിരെ രാജ്യത്തു നടന്ന ജെന്‍സി കലാപത്തില്‍ 19 യുവാക്കള്‍ ഉള്‍പ്പെടെ 70 പേര്‍ മരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപം രാജ്യവ്യാപകമായി പടരുകയും പാര്‍ലിമെന്റും സര്‍ക്കാര്‍ ഓഫീസുകളും അഗ്നിക്കിരയാവുകയും ചെയ്തു. തുടര്‍ന്ന് കെ പി ശര്‍മ ഒലി സര്‍ക്കാര്‍ വീഴുകയായിരുന്നു.