ബി ജെ പി നേതാവും ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ നടപടി സ്വീകരിക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ഹൈക്കോടതി. വര്‍ഗീയ പരാമര്‍ശം അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തുവെന്നല്ലാതെ ഗോപാലകൃഷ്ണനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശം നാടിനുണ്ടാക്കിയ ആഘാതം എത്ര വലുതാണെന്ന് കമ്മീഷന് അറിയാമോയെന്ന് ചോദിച്ച കോടതി, നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 48 ശതമാനം ഹിന്ദുക്കളുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എം എല്‍ എ ഉണ്ടായിട്ടില്ല, ഇടതു- വലതു മുന്നണികള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ല എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് ഈ വര്‍ഗീയ- വിദ്വേഷ പരാമര്‍ശം.മതേതര രാഷ്ട്രമാണ് ഇന്ത്യ. ഭരണഘടനയുടെ ആത്മാവ് നിലയുറപ്പിച്ചിരിക്കുന്നത് മതേതര അടിത്തറയിലാണ്. ഇതിന് കോട്ടം സൃഷ്ടിക്കുന്നതാണ് ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമായി ജനപ്രതിനിധി വേണമെന്ന വാദം. മതമോ ജാതിയോ നോക്കാതെ എല്ലാവര്‍ക്കും സേവനം ചെയ്യേണ്ടവരാണ് ജനപ്രതിനിധികള്‍. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന പ്രവണത സമൂഹത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസവും വൈരവും സൃഷ്ടിക്കും. നമ്മള്‍, അവര്‍ എന്ന വിഭജനം സാമൂഹിക സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിക്കുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയും ചെയ്യും.തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടാണ്. ആ നിമിഷം മുതല്‍ അദ്ദേഹം തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, ഇതര വോട്ടര്‍മാരുടെയും എല്ലാ വിഭാഗം മതക്കാരുടെയും പ്രതിനിധിയാണ്. അവിടെ ഹിന്ദു എം എല്‍ എ എന്നോ മുസ്ലിം എം എല്‍ എ എന്നോ ക്രിസ്ത്യന്‍ എം എല്‍ എ എന്നോ വേര്‍തിരിവില്ല. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മതവികാരങ്ങളെ കൂട്ടുപിടിക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയാണ്. നിയമം കര്‍ശനമായി വിലക്കിയിട്ടും പലര്‍ക്കും ഇത്തരം വര്‍ഗീയ- വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്താന്‍ ധൈര്യം ലഭിക്കുന്നത്, അതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന അനാസ്ഥയെ തുടര്‍ന്നാണ്.തിരഞ്ഞെടുപ്പ് വിജയത്തിനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രവണത അടുത്ത കാലത്തായി ശക്തിപ്പെട്ടിട്ടുണ്ട്. ഹിന്ദുവോട്ട്, മുസ്ലിം വോട്ട് തുടങ്ങിയ വിഭാഗീയത ഒരു സാധാരണ രാഷ്ട്രീയ ഭാഷയായി മാറിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം തട്ടിയെടുക്കുന്നു തുടങ്ങിയ വര്‍ഗീയ ചുവയുള്ള പ്രസ്താവനകളും പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. ജനാധിപത്യപരമായി തീര്‍ത്തും അനാരോഗ്യകരമാണ് ഈ പ്രവണത. വോട്ടര്‍ ഒരു ഇന്ത്യന്‍ പൗരനാണ് ജനാധിപത്യത്തില്‍. ഒരു മതവിഭാഗത്തിന്റെ പ്രതിനിധിയല്ല. എങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലപ്പോഴും വോട്ടര്‍മാരെ മതപരമായ ഗ്രൂപ്പുകളായി വിഭജിക്കുകയും വര്‍ഗീയത മുഖ്യപ്രചാരണായുധമാക്കുകയും ചെയ്യുന്നു. ഇതുമൂലം ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചക്ക് വിഷയീഭവിക്കാതെ പോകുകയാണ്. ഭരണകൂടത്തിന്റെ പരാജയങ്ങള്‍ മറച്ചുപിടിക്കാനും ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനും വര്‍ഗീയതയോളം വലിയ മറുമരുന്നില്ലെന്ന് പാര്‍ട്ടികള്‍ പ്രത്യേകിച്ചും ബി ജെ പി തിരിച്ചറിഞ്ഞിരിക്കുന്നു.രാഷ്ട്രീയ പ്രസംഗങ്ങളില്‍ മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. മതവും വിശ്വാസവും രാഷ്ട്രീയത്തിന്റെ അളവുകോലാകരുത്. ഹിന്ദു എം എല്‍ എ എന്നോ മറ്റേതെങ്കിലും മതത്തിന്റെ എം എല്‍ എ എന്നോ വേര്‍തിരിവുകളില്ലാത്ത, ഇന്ത്യന്‍ പൗരന്മാരുടെ പ്രതിനിധികള്‍ വാഴുന്ന ജനാധിപത്യ അന്തരീക്ഷമാണ് നാടിനും ജനങ്ങള്‍ക്കും വേണ്ടത്. വികസനവും സമത്വവും നീതിയും അടിത്തറയായുള്ള, മാനവികതയുടെ വെളിച്ചം വിതറുന്ന രാഷ്ട്രീയ സംസ്‌കാരമാണ് വളര്‍ന്നു വരേണ്ടത്. വിഭജനത്തിലൂടെയല്ല, ഐക്യത്തിലൂടെയാണ് ജനാധിപത്യം ശക്തമാകുന്നത്. തിരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യും. അധികാര കസേരകള്‍ മാറിമറിയും. എന്നാല്‍ രാഷ്ട്രീയ ലാഭത്തിനായി വിതക്കുന്ന വര്‍ഗീയതയുടെ വിത്തുകള്‍ വരുംതലമുറയുടെ സ്വസ്ഥത കെടുത്തുന്ന വിഷവൃക്ഷങ്ങളായി വളര്‍ന്നു കൊണ്ടിരിക്കും.മതേതരത്വത്തിന്റെ സംരക്ഷണം കേവലം ന്യൂനപക്ഷങ്ങളുടെ ആവശ്യമല്ല, ഭൂരിപക്ഷത്തിന്റെയും രാജ്യത്തിന്റെയും കൂടി ആവശ്യമാണ്. ഒരു വിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തി രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ല. ലോകസമൂഹത്തിനു മുന്നില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നത് സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും കരുത്തിലാണ്. അതിനു ക്ഷതമേല്‍ക്കാതിരിക്കണമെങ്കില്‍ വര്‍ഗീയ ധ്രുവീകരണ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കേവലം നോട്ടീസ് അയക്കുന്നതില്‍ ഒതുങ്ങരുത് കമ്മീഷന്‍ നടപടി. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കേണ്ടതുണ്ട്. നിയമം കമ്മീഷന് ഈ അധികാരം നല്‍കുന്നുണ്ടെങ്കിലും പരിഗണിക്കാറില്ല. ചില പ്രത്യേക പാര്‍ട്ടി നേതാക്കളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. കമ്മീഷന്റെ നടപടികളില്‍ രാഷ്ട്രീയ പക്ഷപാതിത്വം അരുത്. അധികാരത്തിലുള്ള പാര്‍ട്ടിയുടെ നേതാവെന്നോ അല്ലാത്തവരെന്നോ വേര്‍തിരിവ് കാണിക്കരുത്. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷന്‍ നിഷ്പക്ഷമായും നിര്‍ഭയമായും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കപ്പെടുകയുള്ളൂ.