ചണ്ഡീഗഢ് | പഞ്ചാബില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് പോലീസ്. കശ്മീര്‍, പഞ്ചാബ് പോലീസ് സേനകളുടെ സംയുക്ത നീക്കത്തില്‍ രണ്ട് ഭീകരരെയും അവരുടെ സഹായിയെയും പോലീസ് പിടികൂടി. പഞ്ചാബിലെ മലര്‍കോട്ടലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇതാദ്യമായാണ് ജമ്മു കശ്മീര്‍ പോലീസ് മറ്റൊരു സംസ്ഥാനത്തെ പോലീസ് സേനയുമായി ചേര്‍ന്ന് ഇത്തരമൊരു തിരച്ചില്‍ നടത്തുന്നത്.തങ്ങളുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭീകരവാദ കേസുകളുടെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ജമ്മു കശ്മീര്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.മയക്കുമരുന്ന് കടത്ത് കേസിലാണ് പ്രതികളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജമ്മു കശ്മീരില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസിലെ പ്രതികളുമായി സാമ്യമുള്ളതായി തുടരന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഒരു ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ പഞ്ചാബില്‍ തുടരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.