കോഴിക്കോട്| തിരുവള്ളൂര്‍ ചാനിയം കടവില്‍ യുഡിഎഫ് പ്രവര്‍ത്തകരെ സി പി എമ്മുകാര്‍ മര്‍ദിച്ചതായി പരാതി. സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ അവസാനിച്ചത്. കഴിഞ്ഞ ദിവസം പാറക്കല്‍ അബ്ദുള്ളയുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പിന്നാലെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രാദേശിക സി പി എം നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.