ദളിത് യുവതിയുടെ പീഡന പരാതി; കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ കേസെടുത്ത് പോലീസ്

Wait 5 sec.

പാലക്കാട്| ദളിത് യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ പ്രശോഭ് സി വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്‌സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നിലവില്‍ ഒളിവിലാണ് പ്രശോഭ് സി വത്സന്‍. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങള്‍ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. കെ പി സി സിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഡി സി സിയുടെ നടപടി.കഴിഞ്ഞദിവസമാണ് ദളിത് യുവതി പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. പാലക്കാട് നഗരസഭ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടശേഷം നിരവധി പ്രാവശ്യം പീഡിപ്പിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചു. ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു രണ്ടാമത് പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.