കോഴിക്കോട്| എം ടി വാസുദേവന്‍ നായരെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ എംടിയുടെ മകള്‍ അശ്വതി കോടതിയില്‍ മൊഴി നല്‍കി. കോഴിക്കോട് സിജെഎം കോടതി നാലില്‍ ആണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തകം പിന്‍വലിക്കണമെന്നും രചയിതാക്കള്‍ക്കും പ്രസാധകര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എംടിയുടെ മകള്‍ അശ്വതി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കോടതി നടപടികള്‍ക്കുശേഷം പുറത്തിറങ്ങിയ അശ്വതി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.‘എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് പരാതി. പുസ്തകം ദീദി ദാമോദരന്‍, എച്ച്മുക്കുട്ടി എന്നിവര്‍ ചേര്‍ന്നാണ് എഴുതിയത്. ‘ബുക്ക് വേം’ ആണ് പ്രസാധകര്‍. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പുസ്തകം പിന്‍വലിച്ച് മാപ്പ് പറയാന്‍ പ്രസാധകരോടും എഴുത്തുകാരോടും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.