മധ്യ ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ടെൽ അവീവ് സ്വദേശിയായ അറുപതുകാരനാണ് കൊല്ലപ്പെട്ടത്. ഇറാന്റെ ‘ക്ലസ്റ്റർ മിസൈലിൽ നിന്നുള്ള ബോംബ് പതിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചതായി മാഗൻ ഡേവിഡ് അദോം പാരാമെഡിക്സ് അറിയിച്ചു.മധ്യ ഇസ്രായേലിൽ ഏകദേശം 11 ഇടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ടുണ്ട്. പെറ്റാ തിക്വയിൽ ഒരു കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.ടെൽ അവീവ്, ഹോളോൺ, പെറ്റാ തിക്വ എന്നിവിടങ്ങളിലായി നിരവധി പേർക്ക് പരിക്കേറ്റു. താമസസ്ഥലത്തിന്റെ മുകൾഭാഗത്ത് മിസൈൽ പതിച്ചതിനെത്തുടർന്ന് പരിക്കേറ്റ രണ്ട് പേരെ ഇഖിലോവ്, വുൾഫ്സൺ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇവർക്ക് മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്.മധ്യ ഇസ്രായേലിന് പുറമെ തെക്കൻ മേഖലകളിലും ഇറാൻ മിസൈൽ വിക്ഷേപണം നടത്തിയിരുന്നു. ഇവ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തുവെങ്കിലും അവശിഷ്ടങ്ങൾ വീണ് 37 വയസ്സുകാരനും 20 വയസ്സുകാരിക്കും പരിക്കേറ്റു. ഇവരെ ബീർഷെബയിലെ സോറോക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തെത്തുടർന്ന് ടെൽ അവീവ്, ജറുസലേം, അഷ്‌ദോദിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. ജനങ്ങൾ ഉടൻ തന്നെ ഷെൽട്ടറുകളിലേക്ക് മാറണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു.The post ടെൽ അവീവിൽ ഇറാന്റെ ക്ലസ്റ്റർ ബോംബാക്രമണം; 60 കാരൻ കൊല്ലപ്പെട്ടു, 11 ഇടങ്ങളിൽ ബോംബ് പതിച്ചു, നിരവധി പേർക്ക് പരിക്ക് appeared first on Arabian Malayali.