കോഴിക്കോട് | കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്ന ഐ എന്‍ എല്‍ നേതാവ് അഹമ്മദ് ദേവര്‍ കോവിലിന്റെ ഗ്ലാസ് ചിഹ്നം 2025-ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇല്ലാത്തത് തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗ്ലാസ് ചിഹ്നത്തില്‍ വിജയിച്ച അദ്ദേഹം ഇത്തവണ ഇതേചിഹ്നത്തിന് അപേക്ഷിച്ചതിനാല്‍ ചിഹ്നം അച്ചടിച്ച പോസ്റ്റുറുമായി പ്രചാരണം തുടങ്ങിയിരുന്നു. 2024-ലെ പട്ടികയില്‍ ഉണ്ടായിരുന്ന ഗ്ലാസ് ചിഹ്നം 2025 ലെ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്.ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ മുന്‍മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവച്ചിരിക്കയാണ്. ചിഹ്നം അനുവദിക്കുന്നതില്‍ വ്യക്തത വരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടികയായിരുന്നു. കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മുസ്്‌ലിം ലീഗിലെ നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് ഐ എന്‍ എല്ലിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 12,400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അഹമ്മദ് ദേവര്‍കോവില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്നു.