കൊച്ചി | ഇന്നലെ എസ് എസ് എല്‍സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണ്ടന്തറ മഞ്ചേരിമുക്ക് കോസര്‍ണ വീട്ടില്‍ റിനാസ് (15) ആണ് മുവാറ്റുപുഴ വളയന്‍ ചിറങ്ങരയിലെ കനാലില്‍ മുങ്ങി മരിച്ചത്. അമ്മയോടൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു റിനാസ്.വളയന്‍ചിറങ്ങര ഐ ടി സിക്ക് പിന്നിലുള്ള പെരിയാര്‍വാലി കനാലിലാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്. പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു റിനാസ്. വെള്ളം നിറഞ്ഞ വലിയ കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. റിനാസിന് നീന്താന്‍ അറിയില്ലായിരുന്നു. കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കില്‍പ്പെട്ടതോടെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുറച്ചകലെയുള്ള കടവില്‍ നിന്ന് മൃതദേഹം കണ്ടെത്തി. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. മാതാവ്: ജാസ്മിന്‍.