ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അപാകതകൾ പരിഹരിക്കണം: എസ് എസ് എഫ്

Wait 5 sec.

തൃശ്ശൂർ| കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പ് വിതരണത്തിലെ ഗുരുതരമായ വീഴ്ചകൾക്ക് ശാശ്വത പരിഹാരം വേണമെന്ന് എസ് എസ് എഫ് സംസ്ഥാന സ്റ്റുഡന്റ്സ് കൗൺസിൽ. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിൽ അഞ്ച് വർഷം വരെ കാലതാമസം നേരിടുന്നുവെന്ന സി എ ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സാമൂഹിക നീതിയോടുള്ള അലംഭാവമാണെന്ന് എസ് എസ് എഫ് തൃശ്ശൂരിൽ സമാപിച്ച കൗൺസിലിൽ അഭിപ്രായപ്പെട്ടു. കൃത്യമായ സർവേകളോ ശാസ്ത്രീയമായ പഠനങ്ങളോ ഇല്ലാത്തതിനാൽ അർഹരായ നിരവധി ദളിത്-ആദിവാസി വിദ്യാർഥികൾ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറന്തള്ളപ്പെടുന്നത് പദ്ധതിയുടെ അന്തഃസത്തയെത്തന്നെ ചോദ്യംചെയ്യുന്നതാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസച്ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഹോസ്റ്റൽ ഫീസ്, സെമസ്റ്റർ ഫീസുകൾ എന്നിവയ്ക്കായി സ്കോളർഷിപ്പിനെ മാത്രം ആശ്രയിക്കുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം മാത്രം തുക വിതരണം ചെയ്യുന്നത് തിരിച്ചടിയാവുകയാണ്. സാമ്പത്തിക പ്രയാസം മൂലം ഒരു വിദ്യാർഥിയുടെയും പഠനം പാതിവഴിയിൽ മുടങ്ങാൻ പാടില്ലെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയിലെ ഈ മെല്ലെപ്പോക്ക് ഒരു തലമുറയുടെ ആത്മവിശ്വാസത്തെയും വിദ്യാഭ്യാസ സ്വപ്നങ്ങളെയുമാണ് തകർക്കുന്നത്. മുൻകാല റിപ്പോർട്ടുകളിലും സമാനമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും വിതരണ സംവിധാനത്തിലെ ചുവപ്പുനാടകൾ ഒഴിവാക്കാൻ നടപടികളുണ്ടാകാത്തത് ഖേദകരമാണെന്നും കൗൺസിൽ വിലയിരുത്തി.നിലവിലെ വിതരണ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാൻ സുതാര്യവും കാര്യക്ഷമവുമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുകയും അപേക്ഷാ സമർപ്പണം മുതൽ തുക കൈമാറുന്നത് വരെയുള്ള ഘട്ടങ്ങൾ നിരീക്ഷിക്കാൻ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഏർപ്പെടുത്തുകയും വേണം. ഓരോ നടപടിയും എസ് എം എസ് വഴി വിദ്യാർഥികളെ നേരിട്ട് അറിയിക്കുന്ന സംവിധാനം നിലവിൽ വരണം. അനുവദിക്കപ്പെട്ട തുക പൂർണമായും ചെലവഴിക്കാതെ ലാപ്‌സ് ആകുന്നത് തടയണമെന്നും പരാതികൾ തീർപ്പാക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നോഡൽ ഓഫീസർമാരെയും ഹെൽപ്പ് ഡെസ്കുകളെയും നിയോഗിക്കണമെന്നും എസ് എസ് എഫ് സംസ്ഥാന കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീൻ ഉസ്താദ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, രിസാല അപ്ഡേറ്റ് സി ഇ ഒ ജഅ്ഫർ സാദിഖ് സി എൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ഡോ. അബൂബക്കർ ടി, അനസ് അമാനി അൽ കാമിലി പുഷ്പഗിരി, സി എം സ്വാബിർ സഖാഫി, സൈഫുദ്ധീൻ ടി പി, ജാബിർ നേരോത്ത് തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. കാമ്പസ്, ദഅ് വ, വെഫി, കലാലയം, പൊളിറ്റിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകളുടെ അവതരണത്തോടെയും സബ്‌മിഷനുകളോടെയുമാണ് കൗൺസിൽ സമാപിച്ചത്.