പശ്ചിമ ബംഗാള്‍: ഏറ്റുമുട്ടുന്നത് സര്‍ക്കാറും തിര. കമ്മീഷനും

Wait 5 sec.

കൊല്‍ക്കത്ത | നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ പോരാട്ടം സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍. 2011 മുതല്‍അധികാരം കൈവശം വെച്ചു പോരുന്ന മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഇത്തവണ നേരിടേണ്ടത് പ്രധാന പ്രതിപക്ഷമായ ബി ജെ പിയെ മാത്രമല്ല, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കൂടിയാണ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ കോളിളക്കം സൃഷ്ടിച്ച തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണം ഇപ്പോള്‍ ബംഗാളിലും നടപ്പാക്കുകയാണ് കമ്മീഷന്‍. ബിഹാറിലേതിന് സമാനമായി ബംഗാളിലും ലക്ഷക്കണക്കിന് പേരെയാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബംഗാളില്‍ 60 ലക്ഷത്തോളം പേരുടെ വോട്ടുകള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും 60 ലക്ഷത്തിലധികം വോട്ടര്‍മാര്‍ പുറത്തായിരുന്നു. ഈ മാസം മൂന്നിന് വീണ്ടും ആദ്യഘട്ട സപ്ലിമെന്ററി പട്ടിക പുറത്തിറക്കിയെങ്കിലും 32 ല ക്ഷത്തോളം വോട്ടര്‍മാരുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. അതില്‍ തന്നെ ഏകദേശം 40 ശതമാനത്തോളം വോട്ടര്‍മാര്‍, അതായത് 13 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടു. 28 ലക്ഷത്തോളം പേരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അടുത്ത മാസം 23നും 29നും രണ്ട് ഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ അനിശ്ചിതത്വം പ്രതിസന്ധി രൂക്ഷമാക്കുന്നു.മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലാണ് കൂടുതല്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശം കൂടിയാണിത്. 2002ലെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവര്‍ പോലും സംശയത്തിന്റെ പേരില്‍ മാത്രം അന്തിമ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്.കൂടുതല്‍ അണ്ടര്‍ അഡ്ജ്യുഡിക്കേഷന്‍(യു എ) വോട്ടര്‍മാരുള്ള ജില്ലകളും ഇതാണ്. മാള്‍ഡ ജില്ലയിലെ സുജാപൂര്‍ മണ്ഡലത്തില്‍ മാത്രം 1,34,521 പേരാണ് പട്ടികയിലുണ്ടോ ഇല്ലയോ എന്നറിയാതെ പുറത്തു നില്‍ക്കുന്നത്. മണ്ഡലത്തില്‍ ആകെയുള്ള വോട്ടര്‍മാരുടെ 52 ശതമാനത്തോളം പേരെയും സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് സംശയിക്കപ്പെടുന്നവരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബി എല്‍ ഒമാര്‍ക്ക് കണ്ടെത്താന്‍ പറ്റാത്തവരുടെ എണ്ണം 1,482 മാത്രമാണ്. യു എ പട്ടികയിലുള്ളവരുടെ വോട്ടുകളുടെ കാര്യത്തില്‍ ഇപ്പോഴും പുനഃപരിശോധന നടക്കുന്നുണ്ടെങ്കിലും സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ ഏതാണ്ട് 17,000ത്തോളം പേര്‍ പുറത്താക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. 2021ല്‍ 1,30,163 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്സ് വിജയിച്ച മണ്ഡലമാണിത്. സുജാപുരിലെ സിലാംപുര്‍ ഗ്രാമ പഞ്ചായത്തിലെ 522 വോട്ടര്‍മാരില്‍ 427 പേരും പട്ടികക്ക് പുറത്താണ്.ഏറെക്കാലമായി ഈ ഗ്രാമത്തില്‍ ജീവിക്കുന്ന, ഇവിടെ ജനിച്ചു വളര്‍ന്ന മനുഷ്യരാണ് പുറത്താക്കപ്പെട്ടവരില്‍ ഏറെയും. നൂറിലധികം വര്‍ഷങ്ങളായി ഗ്രാമത്തില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. ചോദിച്ച രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും എന്താണ് സംഭവിച്ച തെന്ന് മനസ്സിലാകുന്നില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.മുര്‍ഷിദാബാദിലെ രഘുനാഥ്ഗഞ്ച് മണ്ഡലത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ 1,15,087 വോട്ടര്‍മാരെയാണ് യു എ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ 98,913 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് വിജയിച്ച മണ്ഡലമാണിത്. യു എ പട്ടികയിലുള്ളവരുടെ പുനഃപരിശോധനയില്‍ 22 ശതമാനത്തോളം പേരും പുറത്താക്കപ്പെട്ട മണ്ഡലം കൂടിയാണ് രഘുനാഥ്ഗഞ്ച് എന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചില ബൂത്തുകളില്‍ നടക്കുന്ന പുനഃപരിശോധനയില്‍ നൂറ് ശതമാനം പേരെയും പട്ടികയില്‍ നിന്ന് പുറംതള്ളുന്ന സ്ഥിതി പോലുമുണ്ടായിട്ടുണ്ട്. ഹൂഗ്ലി ജില്ലയിലെ ഖനാകുള്‍ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 208ല്‍ ആകെയുള്ള 254 വോട്ടര്‍മാരില്‍ 194 പേരെയാണ് ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത്. ബോറോ ഗോബ്ര ഗ്രാമത്തിലെ ബൂത്ത് നമ്പര്‍ അഞ്ചില്‍ ബി എല്‍ ഒ അടക്കം താമസക്കാരായ 340 മുസ്ലിംവോട്ടര്‍മാരെയും വെട്ടി. ഇങ്ങനെ നിരവധി പേരാണ് സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയില്‍ നിന്നും ദിനംപ്രതി പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.ഭൂരിഭാഗം മണ്ഡലങ്ങളിലും പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. മാലതിപൂരില്‍ പുറത്താക്കപ്പെട്ടവരില്‍ 67.4 ശതമാനവും രഘുനാഥ്ഗഞ്ചില്‍ 29.7 ശതമാനവും സുജാപൂരില്‍ 21 ശതമാനവും സ്ത്രീകളാണ്.ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതു കൊണ്ട് മാര്‍ച്ച് അവസാനത്തോടെ അഡ്ജ്യുഡിക്കേഷന്‍ പട്ടികയില്‍ പെട്ട് അനിശ്ചിതത്വത്തിലായ വോട്ടര്‍മാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം വരേണ്ടതാണ്. എന്നാല്‍ പട്ടികയിലുള്ള 60 ലക്ഷത്തോളം വോട്ടര്‍മാരില്‍ പകുതിയിലേറെ പേരുടെയും കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പ്രക്രിയ എങ്ങനെ കുറ്റമറ്റരീതിയില്‍ ചെയ്തു തീര്‍ക്കുമെന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്.മമത സുപ്രീം കോടതിയില്‍ബംഗാളിലെ എസ് ഐ ആറുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരായത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാജ്യത്ത് ആദ്യമായായിരുന്നു ഒരു മുഖ്യമന്ത്രി വക്കീല്‍ വേഷമണിഞ്ഞ് സുപ്രീം കോടതിയിലെത്തിയത്. പക്ഷേ മമത പോരാട്ടം തുടങ്ങുന്നതിന് മുന്പ് മുര്‍ഷിദാബാദിലെ ഭഗവാന്‍ഗോളയില്‍ 44കാരി മുസ്തരി ബാനുവും സുപ്രീം കോടതിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്നു.ബംഗാള്‍ സി പി എമ്മിന്റെ പിന്തുണയോടെയാണ് മുസ്തരി ബാനു പോരാട്ടം നടത്തിയത്. മുസ്തരി ബാനു vs ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കേസിലാണ് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് സ്‌കൂള്‍ രേഖകള്‍ സമര്‍പ്പിക്കാമെന്നതടക്കമുള്ള നിര്‍ണായക കോടതി വിധികള്‍ ബാനു സമ്പാദിച്ചത്. വോട്ടര്‍ ഐ ഡിയില്‍ തെറ്റുണ്ടെന്നു കാട്ട് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുര്‍ഷിദാബാദിലും മാള്‍ഡയിലുമടക്കം ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചതോടെയാണ് മുസ്തരി ബാനു പോരാട്ടത്തിനിറങ്ങിയത്.സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കാനുള്ള ശ്രമത്തിന് തടയിടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മുസ്തരി ബാനുവിനെയും കമ്മീഷന്‍ പട്ടികയില്‍ നിന്ന് പുറത്താക്കി. പിന്നീട് കോടതി ഇടപെടലിലൂടെ ഫെബ്രുവരി 28നാണ് അവര്‍ക്ക് വോട്ടവകാശം തിരികെ ലഭിച്ചത്.സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന എസ് സി വിഭാഗക്കാരും മുസ്ലിംകളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഏറെയും. മുര്‍ഷിദാബാദിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെയും മുസ്ലിംകളെയും തിരഞ്ഞുപിടിച്ച് വോട്ട് വെട്ടുകയാണ് കമ്മീഷന്‍. അതുകൊണ്ടു തന്നെ ബംഗാളില്‍ ഇത്തവണ മത്സരം ജനാധിപത്യവും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലാണ്.