വിമോചന സമരാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 126ല്‍ 63 സീറ്റുണ്ടായിട്ടും മുഖ്യമന്ത്രിയായത് പി എസ് പിയിലെ പട്ടം താണുപിള്ളയായിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് ശങ്കര്‍ ഉപമുഖ്യമന്ത്രിയായി. സ്പീക്കറായത് ലീഗിലെ സീതിസാഹിബ്. സീതി സാഹിബ് മരിച്ചപ്പോള്‍ സി എച്ച് മുഹമ്മദ് കോയയെ സ്പീക്കറാക്കാന്‍ ലീഗ് ആവശ്യപ്പെട്ടു. ലീഗിന്റെ നിയമസഭാ കക്ഷിയില്‍ നിന്നുമൊഴിഞ്ഞ് സ്വതന്ത്രനായാല്‍ ആക്കാമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം. അങ്ങനെ സംഭവിക്കുകയും ചെയ്തു. പക്ഷേ അന്നു തുടങ്ങിയ അസ്വാരസ്യം മൂര്‍ച്ഛിച്ച് മന്ത്രിസഭക്കുള്ള പിന്തുണ 1961 നവംബറില്‍ ലീഗ് പിന്‍വലിച്ചു.ഭരണനേതൃത്വം കോണ്‍ഗ്രസ്സിന് ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയെ ഒഴിവാക്കണമെന്നതിനാല്‍ അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു. 1962 സെപ്തംബര്‍ 25ന് പട്ടം മന്ത്രിസഭ രാജിവെക്കുകയും പിറ്റേന്ന് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ പട്ടത്തെ രാജിവെപ്പിച്ചതില്‍ പ്രതിേഷധിച്ച് പി എസ് പി മന്ത്രിമാരായ കെ ചന്ദ്രശേഖരനും ഡി ദാേമാദര്‍ പോറ്റിയും മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് വലിയ തിരിച്ചടിയായി. ശങ്കറിന്റെ മന്ത്രിസഭയില്‍ നിന്ന് 13-ാമത്തെ ദിവസമായിരുന്നു ഈ രാജി. പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിളര്‍പ്പിന് തുടക്കം കുറിച്ചത് ഇക്കാലത്താണ്.തിരുവിതാംകൂറില്‍ കോണ്‍ഗ്രസ്സിന്റെ മുടിചൂടാമന്നനായിരുന്നു ആഭ്യന്തരമന്ത്രി പി ടി ചാേക്കാ. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ഒരു അപവാദം കോണ്‍ഗ്രസ്സിലെ തന്നെ പ്രബല വിഭാഗം ഏറ്റുപിടിച്ചതോെട ചാക്കോ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. അഭിഭാഷകനായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം തുടര്‍ന്ന ചാക്കോ ആ വര്‍ഷം ആഗസ്റ്റ് ഒന്നിന് ഹൃദയസ്തംഭനംമൂലം മരിച്ചു. ചാക്കോയെ മാനസികമായി തകര്‍ക്കുകയായിരുന്നുവെന്ന വികാരം മധ്യകേരളത്തിലെ വലിയ വിഭാഗം കോണ്‍ഗ്രസ്സുകാരില്‍ പടര്‍ന്നുപിടിച്ചതാണ് കേരള കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവത്തിേലക്ക് നയിച്ചത്. കോണ്‍ഗ്രസ്സിലെ തന്നെ എം എല്‍ എമാര്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിനെതിരെ അഴിമതി ആരോപിച്ചായിരുന്നു തുടക്കം. പി ടി ചാക്കോയുടെ അടുത്ത അനുയായിയായ കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എം എല്‍ എമാര്‍ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ വി ഗിരിക്ക് കത്ത് നല്‍കി. തുടര്‍ന്ന് നിയമസഭയില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് പി കെ കുഞ്ഞ് അവതരിപ്പിച്ച അവിശ്വാസപ്രമേയം 50നെതിരെ 75 വോട്ടിന് പാസ്സായി. അതോടെ കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി. കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടി 1964 സെപ്തംബറോടെ യാഥാര്‍ഥ്യമാകുകയായിരുന്നു.