മനാമ: രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കാനും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ലക്ഷ്യമിട്ട് ലെബനീസ് ഹിസ്ബുള്ളയുമായി സഹകരിച്ച് പ്രവർത്തിച്ച മൂന്നംഗ ഭീകര സെല്ലിനെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ (24), ഹസൻ അബ്ദുൽ അമീർ ആശൂർ (22), മുന്തദർ അബ്ദുൽ മുഹ്‌സിൻ അലി മദൻ (29) എന്നിവരാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. വിദേശത്തെ ഭീകരശക്തികളുമായി ചേർന്ന് രാജ്യത്ത് ചാരപ്രവൃത്തി നടത്താനും പൗരന്മാർക്കിടയിൽ ഭീതി പടർത്താനും ഇവർ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ലെബനൻ സന്ദർശനവേളയിൽ പ്രതികൾ ഹിസ്ബുള്ള അംഗങ്ങളെ കണ്ടതായും ആയുധപരിശീലനം നേടിയതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രാജ്യത്തിനെതിരായ ഇറാനിയൻ അധിനിവേശത്തിന്റെ വിവരങ്ങളും ചിത്രങ്ങളും ഇവർ വിദേശത്തേക്ക് കൈമാറിയിരുന്നു. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ശേഖരിച്ച പണം ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്കായി ഇവർ അയച്ചു നൽകിയതായും ഭീകരാക്രമണങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവരെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.The post ലെബനീസ് ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മൂന്ന് യുവാക്കളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.