മലപ്പുറം | ‘സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധം, മന്ത്രി വി അബ്ദുര്‍റഹ്മാന്‍ പ്രചാരണത്തിനിറങ്ങുന്നില്ല’ ഇടതു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്ലാവരും പ്രചാരണത്തിനിറങ്ങിയിട്ടും അബ്ദുര്‍റഹ്മാന്‍ സിറ്റിംഗ് മണ്ഡലമായ താനൂരില്‍ പ്രചാരണത്തിനിറങ്ങാത്തതിനെക്കുറിച്ച് വന്ന വാര്‍ത്തയുടെ തലക്കെട്ടാണിത്. സീറ്റിനായി പിടിവലി കൂടുന്ന സമയത്ത് സീറ്റ് ലഭിച്ചിട്ടും പ്രചാരണത്തിനിറങ്ങാതെ വേറിട്ട പ്രതിഷേധവുമായി സ്ഥാനാര്‍ഥി എന്ന വാര്‍ത്തയും വന്നു. പിന്നീട് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു. ‘താനൂര്‍ വേണ്ട, തിരൂര്‍ മതിയെന്ന് അബ്ദുര്‍റഹ്മാന്‍’ ഇങ്ങനെ തിരൂരിലെ ഇടതുസ്ഥാനാര്‍ഥിയും മന്ത്രിയുമായ വി അബ്ദുര്‍റഹ്മാന്റെ സ്ഥാനാര്‍ഥിത്വം ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു.ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് അബ്ദുര്‍റഹ്മാനെ തിരൂരിലേക്ക് മാറ്റി. ഈ മാറ്റത്തെക്കുറിച്ചുള്ളചോദ്യത്തിന് അബ്ദുര്‍റഹ്മാന്റെ ഉത്തരം ഇതായിരുന്നു. ‘ചില മത്സരങ്ങളില്‍ രാഷ്ട്രീയപരമായി ടെക്‌നിക്കുകള്‍ ഉപയോഗിക്കേണ്ടിവരും. തിരൂരിലേക്കുള്ള മാറ്റം അത്തരത്തില്‍ ഒന്നായി കണ്ടാല്‍ മതി’.മുസ്‌ലിം ലീഗ് കോട്ടയായ താനൂരില്‍ വിള്ളലുണ്ടാക്കി രണ്ട് തവണ മണ്ഡലം പിടിച്ചടക്കിയ ഈ മുന്‍ കോണ്‍ഗ്രസ്സുകാരന്‍ തിരൂരിലേക്ക് കളം മാറിയതിന്റെ തന്ത്രം എന്താണെന്നതാണ് രാഷ്ട്രീയചോദ്യം. താനൂരില്‍ രണ്ട് തവണയും ഇടത് സ്വതന്ത്രനായി മത്സരിച്ചുവെങ്കില്‍ തിരൂരില്‍ സി പി എം ചിഹ്നത്തിലാണ് മത്സരമെന്നതിലും ചില രാഷ്ട്രീയമുണ്ട്. തിരൂരിന്റെ രാഷ്ട്രീയ മനസ്സറിയുന്ന തിരൂരുകാരുടെ പ്രിയപ്പെട്ട ‘മാമന്‍’ താനൂരില്‍ പയറ്റിയ കളി തിരൂരിലും പയറ്റി കളം പിടിക്കുമെന്നാണ് വമ്പു പറച്ചില്‍.മണ്ഡലം രൂപവത്കരിച്ച 1957 മുതലുള്ള 25 തിരഞ്ഞെടുപ്പുകളില്‍ 2006ല്‍ മാത്രമാണ് യു ഡി എഫിന് തിരൂരില്‍ അടിപതറിയത്. നാലാം അങ്കത്തിനിറങ്ങിയ ഇ ടി മുഹമ്മദ് ബഷീറിനെ സി പി എമ്മിന്റെ പി പി അബ്ദുല്ലക്കുട്ടി പരാജയപ്പെടുത്തി. ലീഗിന്റെ പ്രമുഖര്‍ പരാജയമേറ്റുവാങ്ങിയ അത്യപൂര്‍വ സാഹചര്യമായിരുന്നു അന്ന്. 8,680 വോട്ടിനായിരുന്നു തിരൂരില്‍ ഇടതിന്റെ വിജയം. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ലീഗിന്റെ സി മമ്മൂട്ടി 23,566 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തിരൂര്‍ തിരിച്ചുപിടിച്ചു. ഇങ്ങനെയൊരു ചരിത്രപശ്ചാത്തലമുള്ള മണ്ണിലേക്ക് രണ്ട് തവണ എം എല്‍ എയായ താനൂരിനെ ഒഴിവാക്കിയുള്ള വി അബ്ദുര്‍റഹ്മാന്റെ വരവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.പത്ത് വര്‍ഷത്തിനിടെ തിരൂരിന് പല പദ്ധതികളും സര്‍ക്കാര്‍ അനുവദിച്ചെങ്കിലും അത് നടപ്പാക്കുന്നതില്‍ വലിയ പാളിച്ചയുണ്ടായെന്നാണ് പ്രധാന പ്രചാരണായുധം.യു ഡി എഫിനായി സിറ്റിംഗ് എം എല്‍ എ കുറുക്കോളി മൊയ്തീനാണ് മത്സരരംഗത്ത്. അബ്ദുര്‍റഹ്മാന്റെ കടന്നുവരവ് വരെ കാര്യമായ വെല്ലുവിളി യു ഡി എഫ് കണ്ടിരുന്നില്ല. തദ്ദേശത്തില്‍ തിരൂര്‍ നഗരസഭയിലും ആറ് പഞ്ചായത്തുകളിലും ഭരണത്തിലെത്തിയതിന്റെ ആത്മവിശ്വാസവുമുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന് കാര്യമായ വേരോട്ടമുള്ള മണ്ണാണ് തിരൂരിലേത്. മുന്‍ കോണ്‍ഗ്രസ്സുകാരനായ അബ്ദുര്‍റഹ്മാന്‍ തിരൂര്‍ നഗരസഭാ ഉപാധ്യക്ഷന്‍ പദവിയടക്കം കൈകാര്യം ചെയ്തിട്ടുണ്ട്.തലക്കാട് പഞ്ചായത്തില്‍ നേരിയ മുന്‍തൂക്കം എല്‍ ഡി എഫിന് ലഭിച്ചേക്കാമെന്നും മറ്റിടങ്ങളില്‍ ലീഡുയര്‍ത്തി ഈ ഭീഷണി മറികടക്കാനാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. താനൂരിലെ പിടിച്ചെടുക്കല്‍ അബ്ദുര്‍റഹ്മാന്‍ ജന്മനാട്ടിലും ആവര്‍ത്തിക്കുമെന്നാണ് എല്‍ ഡി എഫ് ക്യാമ്പിന്റെ വിശ്വാസം. യു ഡി എഫിന് ഈസി വാക്കോവര്‍ എന്ന് വിലയിരുത്തിയിരുന്നിടത്ത് അബ്ദുര്‍റഹ്മാന്റെ വരവോടെ പെരുംപോരിനാണ് സാക്ഷ്യം വഹിക്കുന്നത്.