‘പ്രേതബാധിതനാണെന്ന്’; പറക്കലിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍

Wait 5 sec.

വാരാണസി |  വാരാണസിയില്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. താന്‍ ‘പ്രേതബാധിതനാണെന്ന്’ അവകാശപ്പെട്ടുകൊണ്ടാണ് ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ തുനിഞ്ഞത്. സംഭവത്തില്‍ യു പിയിലെ മൗ ജില്ലക്കാരനായ മുഹമ്മദ് അദ്‌നാനെതിരെ പോലീസ് കേസെടുത്തു.ശനിയാഴ്ച ബെംഗളൂരുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. രാത്രി 8.15 ഓടെ ബെംഗളൂരുവില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റായപ്പോള്‍ തന്നെ അദ്നാന്‍ എമര്‍ജന്‍സി ഡോറില്‍ കൈവെക്കാന്‍ ശ്രമിച്ചിരുന്നു.ജീവനക്കാര്‍ ഇത് ശ്രദ്ധിക്കുകയും, അബദ്ധം പറ്റിയതാണെന്ന് ഇയാള്‍ പറഞ്ഞതിനെത്തുടര്‍ന്ന് താക്കീത് നല്‍കുകയും ചെയ്തു. രാത്രി 10.20ഓടെ വാരാണസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ വീണ്ടും എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചു. വിമാനം തറനിരപ്പില്‍ നിന്ന് വെറും 500 അടി ഉയരത്തിലായിരിക്കുമ്പോഴായിരുന്നു ഇത്. തുടര്‍ന്ന് വീണ്ടും വിമാന ജീവനക്കാര്‍ ഇടപെടുകയായിരുന്നുവിമാനം നിലത്തിറങ്ങിയ ഉടന്‍ തന്നെ അദ്നാനെ എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സിഐഎസ്എഫിനും കൈമാറി. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും നടത്തിയ ചോദ്യം ചെയ്യലില്‍, താന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നാണ് അദ്നാന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് താന്‍ ‘പ്രേതബാധിതനാണെന്ന്’ ഇയാള്‍ അവകാശപ്പെട്ടു. ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങുകയായിരുന്നുവെന്നും താന്‍ പിടിച്ചു വലിച്ച ഹാന്‍ഡില്‍ എമര്‍ജന്‍സി എക്‌സിറ്റ് ഡോറിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.