കൊച്ചി | എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടുമ്പോള്‍ ലക്ഷ്യം ജയം മാത്രം. ഇതിനകം യോഗ്യത കാണാതെ പുറത്തായ ഇന്ത്യക്ക്, മൂന്ന് പോയിന്റ് നേടി ടൂര്‍ണമെന്റ് അവസാനിപ്പിച്ചാല്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് ഒഴിവാക്കാം. ഒപ്പം ഫിഫ റാങ്കിങിലും മുന്നേറാം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കിക്കോഫ്. ഫാന്‍കോഡ് ആപ്പില്‍ തത്സമയം കാണാം.ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ കൊച്ചിയില്‍ പന്തുതട്ടാനിറങ്ങുന്നത്. ആസ്ത്രേലിയയില്‍ ജനിച്ച 32കാരനായ വിങര്‍ റയാന്‍ വില്യംസിന്റെ ഇന്ത്യന്‍ ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിന് കൂടി കലൂര്‍ സ്റ്റേഡിയം സാക്ഷിയാവും. ആസ്ത്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന റയാന്, ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ കളിക്കാനായിരുന്നില്ല. കഴിഞ്ഞാഴ്ച ഐ എസ് എല്‍ മത്സരത്തിനിടെ പരുക്കിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും, ടീമിലെ മുഴുവന്‍ പേരും ഇന്ന് കളിക്കാന്‍ സജ്ജരാണെന്ന കോച്ച് ഖാലിദ് ജമീലിന്റെ വാക്കുകള്‍ ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. സുനില്‍ ഛേത്രിയുടെ പിന്‍ഗാമിയായിട്ടാണ് വില്യംസിനെ ആരാധകര്‍ കാണുന്നത്. 2025 നവംബറില്‍ ഭൂട്ടാനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ വില്യംസ് ഗോള്‍ നേടിയിരുന്നു. സുനില്‍ ഛേത്രി ധരിച്ചിരുന്ന 11-ാം നമ്പര്‍ ജഴ്സിയണിഞ്ഞാണ് വില്യംസ് ഇറങ്ങുക.സിംഗപ്പൂര്‍ യോഗ്യത നേടിയ ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. രണ്ട് പോയിന്റ് മാത്രമുള്ള ടീം ഇന്ന് ജയിച്ചാലും ഈ സ്ഥാനത്തിന് മാറ്റമുണ്ടാവില്ല. രണ്ട് വീതം ജയവും സമനിലയുമുള്ള ഹോങ്കോങിന് എട്ട് പോയിന്റുണ്ട്. നവംബറില്‍ ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ നിന്ന് 14 മാറ്റങ്ങളുമായാണ് 23 അംഗ ടീമിനെ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചത്. അണ്ടര്‍ 23, അണ്ടര്‍ 20 താരങ്ങളെ ഒഴിവാക്കി പരിചയസമ്പത്തും യുവത്വവും ഒത്തുചേരുന്ന ടീമില്‍ ലാലെങ്മാവിയ അപുയ റാള്‍ട്ടെയാണ് ശ്രദ്ധേയനായ മറ്റൊരു താരം. ഈ സീസണില്‍ മോഹന്‍ ബഗാനായി മികച്ച ഫോമിലുളള താരം ഇന്ത്യന്‍ ജഴ്സിയിലും മികവ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. ബിജോയ് ആദ്യമായാണ് ദേശീയ ടീമില്‍ ഉള്‍പ്പെടുന്നത്. ഗുര്‍പ്രീത് സിങ് സന്ധു, നിഖില്‍ പൂജാരി, നവോറെം റോഷന്‍ സിംഗ്, ജീക്സണ്‍ സിങ്, ലാലിയന്‍സുവാല ചാങ്തെ, റഹീം അലി, സന്ദേശ് ജിങ്കന്‍, ഡാനിഷ് ഫാറൂഖ് തുടങ്ങിയവരും സ്‌ക്വാഡിലുണ്ട്.അതേസമയം, ഹോങ്കോങ് ഫുട്ബോള്‍ ടീമിന്റെ ഇടക്കാല പരിശീലകന്‍ റോബര്‍ട്ടോ ലൊസാഡയുടെ ഭാവി നിര്‍ണയിക്കുന്ന മത്സരമായിരിക്കും കൊച്ചിയിലേത്. ഏഷ്യന്‍ കപ്പ് യോഗ്യത നേടാതെ പുറത്തായതിന് പിന്നാലെ പരിശീലകനായിരുന്ന ആഷ്ലി വെസ്റ്റ്വുഡിനെ ടീം പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ലൊസാഡ ഇടക്കാല പരിശീലകനായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി വെസ്റ്റ്വുഡ് ചുമതലയേറ്റത്. ഇന്ന് ജയിക്കാനായാല്‍ ലൊസാഡക്ക് സ്ഥിരം പരിശീലക ചുമതല ലഭിച്ചേക്കും.നവംബറില്‍ സിംഗപ്പൂരിനോടേറ്റ 2-1 തോല്‍വിയാണ് ഹോങ്കോങിന്റെ യോഗ്യതാ മോഹങ്ങള്‍ തകര്‍ത്തത്. ജൂണില്‍ ഹോങ്കോങില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. ഈ മത്സരത്തിന് ശേഷമാണ് ജമീല്‍ ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ പരുക്കുകള്‍ കാരണം മുന്‍നിര താരങ്ങള്‍ ഇല്ലാതെയാണ് ഹോങ്കോങ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. സസ്പെന്‍ഷന്‍ കാരണം മുന്നേറ്റതാരം ജുണീഞ്ഞോയുടെ അഭാവവും ടീമിന് തിരിച്ചടിയാണ്. ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടിയ റാഫേല്‍ മെര്‍ക്കീസും ടീമില്‍ ഇല്ല. എന്നാല്‍, മികച്ച ഫോമിലുള്ള എവര്‍ട്ടണ്‍ കാമര്‍ഗോയെ പൂട്ടാന്‍ സന്ദേശ് ജിംഗാന്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ പ്രതിരോധനിര ഏറെ വിയര്‍ക്കേണ്ടിവരും.