യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് മേഖലയിലേക്കുളള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ലുലു ഗ്രൂപ്പ് സ്വീകരിക്കുന്ന നടപടികള്‍ ഉള്‍പ്പടെയുളള വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പങ്കുവച്ച് ചെയർമാന്‍ എം എ യൂസഫലി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവശ്യസാധനങ്ങളെത്തിക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികളെ കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഗൾഫ് മേഖലയിലുടനീളം അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിലനിർത്തുന്നതിനുള്ള നടപടികളും ചർച്ച ചെയ്തു. ഇന്ത്യന്‍ ഭക്ഷോത്പന്നങ്ങള്‍ക്കുള്‍പ്പടെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കി വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം പ്രധാനമന്ത്രിയുമായുള്ള ചർച്ചയില്‍ വിഷയമായി. ആഗോള തലത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികൾക്കിടയിലും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും വിലസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിന്‍റെ ആവശ്യകത ഇരുവരും പങ്കുവച്ചു. ജിസിസി രാജ്യങ്ങളിലുടനീളം 280-ത്തിലധികം ഹൈപ്പർമാർക്കറ്റുകൾ ലുലു ഗ്രൂപ്പിന് കീഴിലുണ്ട്. വവിധ സർക്കാരുകളുമായി കൈകോർത്ത് ഫലപ്രദമായ വിപണി ഇടപെടലാണ് ഗ്രൂപ്പ് നടത്തുന്നത്.ഇന്ത്യയിൽ നിന്ന് ഇതുവരെ 15,000 ടൺ ഭക്ഷ്യോൽപന്നങ്ങളാണ് ലുലു ഗ്രൂപ്പ് ഗൾഫിലെത്തിച്ചത്. ഇതിനായി 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും ഇത്തരത്തിലുളള പ്രവർത്തനങ്ങള്‍ തുടരുമെന്ന് യൂസഫലി അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങൾ, ചരക്കുകപ്പലുകൾ, പതിവ് ഷിപ്പിംഗ് സർവീസുകൾ എന്നിവ സംയോജിപ്പിച്ചാണ് പ്രവർത്തനം. ലുലു ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹം വലിയ തോതിലുളള ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതി സുഗമമാക്കാൻ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.