അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.അന്തരീക്ഷത്തിൽ വെച്ച് പ്രതിരോധ സേന വിജയകരമായി തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങളാണ് ജനവാസ മേഖലയ്ക്ക് സമീപം പതിച്ചത്.മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് തിരിച്ചറിയാത്ത രണ്ട് വ്യക്തികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഫോടനത്തിന്റെ ആഘാതത്തിലും അവശിഷ്ടങ്ങൾ വീണും പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലിനെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ആകാശത്തുവെച്ച് തകർക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചത്.സംഭവസ്ഥലത്ത് അടിയന്തര സേനകൾ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സാമൂഹിക മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും അബുദാബി അധികൃതർ കർശന നിർദ്ദേശം നൽകി.The post അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് മരണം appeared first on Arabian Malayali.