തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബി ജെ പി സീല്‍; മെയില്‍ അയച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Wait 5 sec.

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ഔദ്യോഗികമായി അയച്ച കത്തില്‍ ബി ജെ പി സീല്‍ പതിച്ചതില്‍ നടപടി. ഈ രീതിയില്‍ മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറാണ് നടപടിയെടുത്തത്.2019 മാര്‍ച്ച് 19-ാം തീയതി കമ്മീഷന്‍ പുറപ്പെടുവിച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ബി ജെ പി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ചിരിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ളതാണ് കത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഈ കത്തുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് കത്ത് ലഭിച്ചിരുന്നു.സംഭവത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം സി പി എം തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പിയും ഒരേ കേന്ദ്രത്തില്‍ നിന്നാണോ പ്രവര്‍ത്തിക്കുന്നതെന്ന് സി പി എം ചോദിച്ചു. വോട്ടിംഗ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വിരിയുമെന്ന പഴയ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള ‘യാദൃശ്ചികത’യാണിതെന്ന് പോസ്റ്റില്‍ പറഞ്ഞുു. കുറഞ്ഞപക്ഷം രണ്ട് വ്യത്യസ്ത ഡെസ്‌കുകളെങ്കിലും നിലനിര്‍ത്താനുള്ള മര്യാദ കമ്മീഷന്‍ കാണിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു.