ക്ഷയം മനുഷ്യ ചരിത്രത്തിന്റെ അതിപുരാതനകാലം മുതല്‍ നിലനിന്നിരുന്ന രോഗമാണ്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്, ഏത് ജീവാണുവാണ് കാരണം എന്നൊന്നും ഏറെക്കാലം മനുഷ്യര്‍ക്ക് വ്യക്തമായിരുന്നില്ല. പുരാതന ഈജിപ്തിലെ മമ്മികളില്‍ പോലും ക്ഷയരോഗത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നത് ഈ രോഗത്തിന്റെ പ്രാചീനത വ്യക്തമാക്കുന്നു. 1882 മാര്‍ച്ച് 24ന് ജര്‍മന്‍ ശാസ്ത്രജ്ഞനായ റോബര്‍ട്ട് കോച്ച് Mycro bacterium tuberculosis എന്ന ബാക്ടീരിയയെ കണ്ടെത്തിയതോടെയാണ് ഈ രോഗത്തിന്റെ യഥാര്‍ഥ കാരണം ലോകം തിരിച്ചറിഞ്ഞത്. അദ്ദേഹം അതിന് ‘ട്യൂബര്‍കിള്‍ ബാസില്ലസ്’ എന്ന് പേരിട്ടു. ഈ കണ്ടെത്തലിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുകയും ക്ഷയരോഗ നിര്‍മാര്‍ജനത്തിനായുള്ള ബോധവത്കരണം ശക്തമാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.എന്താണ് ക്ഷയംക്ഷയരോഗം ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ്. ക്ഷയരോഗം വായുവിലൂടെ പകരും. രോഗബാധിതന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവരുന്ന ചെറുതുള്ളികളിലൂടെ രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നു. ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കിലും ശരീരത്തിലെ മറ്റ് അവയവങ്ങളായ ലിംഫ് നോഡുകള്‍, അസ്ഥികള്‍, ഉദരം, മസ്തിഷ്‌കം, കരള്‍ തുടങ്ങി ഏതൊരു അവയവത്തെയും (മുടി, നഖം ഒഴികെ) ക്ഷയരോഗം ബാധിക്കാം.ലക്ഷണങ്ങള്‍ എന്തെല്ലാം?രണ്ടാഴ്ചക്കുമേല്‍ നീണ്ടുനില്‍ക്കുന്ന ചുമ, കഫം കൂടുക, ചിലപ്പോള്‍ രക്തം കലരുക, പനി- പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍, രാത്രിയില്‍ വിയര്‍ക്കല്‍, ശരീരഭാരം കുറയുക, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ ശ്വാസകോശ ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ശ്വാസകോശത്തിനു പുറമെ മറ്റ് അവയവങ്ങളെ ബാധിക്കുമ്പോള്‍, ഏത് അവയവത്തെ ആണോ ബാധിക്കുന്നത് അതോടനുബന്ധിച്ചുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം.എപ്പോള്‍ ഡോക്ടറെ സമീപിക്കണം?മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും രണ്ടാഴ്ചക്കുമേല്‍ തുടര്‍ന്നാല്‍ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സമീപിക്കണം. രോഗം കണ്ടുപിടിക്കാന്‍ വൈകുന്നത് മറ്റുള്ളവരിലേക്ക് പകരാനും രോഗം ഗുരുതരമാകാനും കാരണമാകും.രോഗനിര്‍ണയം എളുപ്പമാണ്ക്ഷയരോഗ പരിശോധന വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കഫ പരിശോധന സൗജന്യമായി ലഭ്യമാണ്. ഇതിനായി ഒ പി ടിക്കറ്റോ ഡോക്ടറുടെ കുറിപ്പടിയോ ആവശ്യമില്ല. അതുകൊണ്ട് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ പോയി പരിശോധന നടത്താവുന്നതാണ്. കൂടാതെ ചെസ്റ്റ് എക്സ്റേയും രോഗനിര്‍ണയത്തിന് പ്രധാന പങ്കുവഹിക്കുന്നു. ജീന്‍ എക്സ്പെര്‍ട്ട്, ട്രൂനാറ്റ് പോലുള്ള അത്യാധുനിക പരിശോധനകള്‍ ക്ഷയരോഗം വളരെ വേഗത്തിലും കൃത്യതയോടെയും കണ്ടെത്താന്‍ സഹായിക്കുന്നു.ക്ഷയരോഗ ചികിത്സനേരത്തേ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന അസുഖമാണ് ക്ഷയം. ചികിത്സ പൂര്‍ണമായും സൗജന്യം. ഇന്ത്യയില്‍ ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതി വഴി ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാണ്. കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ള ചികിത്സയാണ് സാധാരണയായി വേണ്ടത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് കൂടുതല്‍ ദൈര്‍ഘ്യമാകാം. മരുന്നുകള്‍ കൃത്യമായി കഴിക്കുന്നത് നിര്‍ണായകമാണ്.പ്രത്യാഘാതങ്ങള്‍നിശ്ചിത കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരുന്ന് നിര്‍ത്തിയാല്‍, രോഗം ശരീരത്തിലെ മറ്റു അവയവങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ട്. കൂടാതെ ശ്വാസതടസ്സം, രക്തം കലര്‍ന്ന കഫം, ശ്വാസകോശ ശേഷി കുറയുക പോലുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനും ക്ഷയരോഗം വീണ്ടും വരാനും സാധാരണ ടി ബി മരുന്നുകള്‍ക്ക് പ്രതികരിക്കാത്ത തരത്തിലുള്ള ക്ഷയം രൂപപ്പെടാനും സാധ്യതയുണ്ട്.ചികിത്സക്ക് ശേഷംചികിത്സ പൂര്‍ത്തിയാക്കിയ ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് രോഗ ലക്ഷണങ്ങള്‍ കാണുന്ന മുറക്കോ ആറ് മാസ ഇടവേളകളിലോ ഫോളോഅപ്പ് പരിശോധന നടത്തണം. ഇത് രോഗം വീണ്ടും വരുന്നത് നേരത്തേ കണ്ടെത്താന്‍ സഹായിക്കും.സമൂഹത്തിന്റെ പങ്ക്ക്ഷയരോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല, സമൂഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ചുമയ്ക്കുമ്പോള്‍ വായ മൂടുക, പൊതുസ്ഥലങ്ങളില്‍ ചുമച്ചു തുപ്പുന്നത് ഒഴിവാക്കുക, ശുചിത്വം പാലിക്കുക, രോഗികളെ പിന്തുണക്കുക എന്നിവ പ്രധാനമാണ്. ക്ഷയരോഗം സ്ഥിരീകരിച്ച വ്യക്തി നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും പൊതുപരിപാടികള്‍, പൊതുഗതാഗതം എന്നിവ പരമാവധി ഒഴിവാക്കുകയും വേണം. ശ്വാസകോശ ക്ഷയരോഗം ബാധിച്ച വ്യക്തി ശരാശരി 10 മുതല്‍ 15 പേര്‍ക്ക് വരെ രോഗം വ്യാപിപ്പിക്കാന്‍ കാരണക്കാരനാകുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.പൂര്‍ണമായും നിയന്ത്രിക്കാനാകുംലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷയരോഗ ഭാരം വഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ക്ഷയരോഗം ഇന്നും വലിയ വെല്ലുവിളിയായിരിക്കുമ്പോഴും, സമയബന്ധിതമായ പരിശോധനയും കൃത്യമായ ചികിത്സയും വഴി ഇത് പൂര്‍ണമായും നിയന്ത്രിക്കാനാകും. രണ്ടാഴ്ചക്കുമേല്‍ നീളുന്ന ചുമ, ജ്വരം, ഭാരം കുറയല്‍ എന്നിവ കണ്ടാല്‍ ക്ഷയരോഗം സംശയിച്ച് ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തണം.കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ള ചികിത്സ കൃത്യമായി പാലിച്ചാല്‍ ക്ഷയം പൂര്‍ണമായി സുഖപ്പെടും. രോഗം അവഗണിക്കാതെ സമയത്ത് കണ്ടെത്തുകയും ചികിത്സ പൂര്‍ത്തിയാക്കുകയും ചെയ്താല്‍, വ്യക്തിയും സമൂഹവും ഒരുപോലെ സുരക്ഷിതരാകും.