‘കിണര്‍ വറ്റുമ്പോഴാണ് ജലത്തിന്റെ വില അറിയുന്നത്’ എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ വാക്കുകള്‍ ഇന്ന് കേവലം ഒരു ഉദ്ധരണിയല്ല, മറിച്ച് കടുത്ത യാഥാര്‍ഥ്യമാണ്. നീല ഗ്രഹം എന്ന് നാം വിളിച്ചിരുന്ന ഭൂമി ഇന്ന് ദാഹിച്ചു കരിയുന്ന ഒരു മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. 2026ലെ ഐക്യരാഷ്ട്ര സഭയുടെ ലോക ജല റിപോര്‍ട്ട് പ്രകാരം, ലോകം ‘ജലപാപ്പരത്തം’ എന്ന അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.ലോകത്ത് 220 കോടി ജനങ്ങള്‍ക്ക് ഇന്നും ശുദ്ധജലം ലഭ്യമല്ല. ഒരു വര്‍ഷത്തില്‍ ഒരു മാസം കടുത്ത ജലക്ഷാമം നേരിടുന്നവര്‍ 400 കോടിയാണ്. സ്ത്രീകള്‍ ജലം ശേഖരിക്കുന്നതിനായി മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. 1970ന് ശേഷം ലോകത്തിലെ ഹിമാനികളില്‍ 30 ശതമാനവും ഉരുകിത്തീര്‍ന്നു. ഇത് നദികളുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. ലോക ജനസംഖ്യയുടെ 75 ശതമാനവും ജല സുരക്ഷയില്ലാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്. ലോകത്തിലെ വലിയ 100 നഗരങ്ങളില്‍ പകുതിയിലധികം കഠിനമായ ജലക്ഷാമം നേരിടുന്നു. 350 കോടി ജനങ്ങള്‍ക്ക് ശാസ്ത്രീയമായ ശുചിത്വ സൗകര്യങ്ങള്‍ ഇല്ല.‘വറ്റിയ പുഴതന്‍ മാറിലെ ചൂടില്‍ ദാഹിച്ചു നില്‍ക്കുന്ന പാഴ്്മരം പോലും’ എന്ന് കവി പാടിയത് അക്ഷരംപ്രതി ശരിയാകുന്നു. വെള്ളം അമൃതാണ്, ജീവന്റെ ഉറവിടമാണ്. പ്രകൃതിയുടെ കണ്ണീരാണ് മഴയെങ്കില്‍, ഭൂമിയുടെ രക്തമാണ് ജലം. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത് ജലം ഉള്ളതുകൊണ്ടാണ്. ജലത്തെ സംരക്ഷിക്കുക എന്നത് വരും തലമുറയോടുള്ള കടമയാണ്. അതി തീവ്രമഴയും ദീര്‍ഘകാല വരള്‍ച്ചയും ജലചക്രത്തെ താളം തെറ്റിക്കുന്നു. ജലക്ഷാമം താത്കാലിക പ്രതിസന്ധിയല്ല, രാജ്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ട അതീവ പ്രാധാന്യമുള്ള വിഷയം തന്നെയാണ്.ലോകത്തിലെ പല വന്‍ നഗരങ്ങളും കുടിവെള്ളം പൂര്‍ണമായി നിലച്ചുപോകുന്ന ഡേ സീറോ എന്ന അവസ്ഥയിലേക്ക് എത്തുന്നു. ലോകത്തെ 70 ശതമാനം ശുദ്ധജലവും കൃഷിക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ജലം കുറയുന്നതോടെ ഉത്പാദനം കുറയുകയും ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യുന്നു.ലോകത്തിന്റെ അവസ്ഥഅമേരിക്കയിലെ കൊളറാഡോ നദിയിലെ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലാണ്. ചൈനയിലെ ഭൂഗര്‍ഭജലത്തിന്റെ 80 ശതമാനവും കുടിക്കാന്‍ യോഗ്യമല്ലാത്ത മലിനജലമാണ്. പ്രകൃതിദത്ത സ്രോതസ്സുകളുടെ അഭാവം വടക്കന്‍ ചൈനയെ കടുത്ത വരള്‍ച്ചയിലേക്ക് തള്ളിവിടുന്നു. സഊദിയില്‍ കടല്‍വെള്ളത്തില്‍ നിന്ന് ശുചീകരണം നടത്തിയാണ് 60 ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം എത്തിക്കുന്നത്. എത്യോപ്യയില്‍ 50 ശതമാനം പേര്‍ക്കും ശുദ്ധജലം ലഭിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായ ആമസോണില്‍ 20 ശതമാനം മഴ കുറഞ്ഞു. കഴിഞ്ഞ വേനലില്‍ യൂറോപ്പിലെ റൈന്‍, ഡാന്യൂബ് നദികള്‍ വറ്റിവരണ്ടു. സിംഗപ്പൂരില്‍ ന്യൂ വാട്ടര്‍ പദ്ധതിയിലൂടെ അത്യാധുനിക യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെ മലിന ജലം ശുചീകരിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നു. രൂക്ഷമായി ജലക്ഷാമം അനുഭവിക്കുന്ന ലോകത്തെ 17 രാജ്യങ്ങളില്‍ 12 എണ്ണവും മിഡില്‍ ഈസ്റ്റിലുള്ള രാജ്യങ്ങളാണ്. ഇവിടെ ജലത്തിന് പെട്രോളിനേക്കാള്‍ വില കൂടുതലാണ്.ഇന്ത്യയിലേക്ക് വരുമ്പോള്‍ഇന്ത്യയിലെ വന്‍കിട നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി എന്നിവ ജലപാപ്പരത്തത്തിലേക്കാണ് എന്ന് ലോക ജല റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ 89 ശതമാനം ഭൂഗര്‍ഭ ജലവും കൃഷിക്കാണ് ഉപയോഗിക്കുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രശ്നം ഉടലെടുക്കുമെന്ന് പ്രതീക്ഷിക്കണം. ഇന്ത്യയിലെ 40 ശതമാനം ജനങ്ങള്‍ക്കും 2030ഓടെ കുടിവെള്ളം ലഭിക്കുന്നതിന് പ്രയാസം നേരിടുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം ആളുകള്‍ ജലക്ഷാമം മൂലം മരണപ്പെടുന്നു.കേരളം അതിജീവിക്കുമോ?44 നദികളും സമൃദ്ധമായ മഴയും കൊണ്ട് സമ്പന്നമായ കേരളത്തില്‍ മഴവെള്ളത്തിന്റെ 12 ശതമാനം മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ. ബാക്കി മുഴുവനും കടലിലേക്കാണ് പോകുന്നത്. തുലാവര്‍ഷത്തിന്റെ കുറവ്, കഠിനമായ വേനല്‍ എന്നിവ കാരണം ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴുന്നു. തീരപ്രദേശത്തെ കിണറുകളില്‍ ഉപ്പുവെള്ളം കയറി വലിയ പ്രയാസം സൃഷ്ടിക്കുന്നു. കേരളത്തിലെ ചില ഭാഗങ്ങളില്‍ വലിയ രീതിയില്‍ ജല ദൗര്‍ലഭ്യം നേരിടുന്നു. ജല ബജറ്റിനെ കുറിച്ച് അടിയന്തരമായി സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്. ജലസംഭരണം ശാസ്ത്രീയമാക്കുകയും ജല മലിനീകരണം തടയുകയും ജല പുനരുപയോഗത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അമിതമായ ചൂഷണവും ജലസ്രോതസ്സുകളുടെ മലിനീകരണവും കേരളത്തെയും ജലക്ഷാമത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?ജലസംരക്ഷണം ഒരു മുദ്രാവാക്യമായി ഒതുങ്ങാതെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണം. മഴവെള്ളം മണ്ണിലിറക്കാന്‍ ഓരോ വീടും ശ്രദ്ധിക്കണം. അനാവശ്യമായി ടാപ്പുകള്‍ തുറന്നിടുന്നത് ഒഴിവാക്കുക. ഒരു ടാപ്പില്‍ നിന്ന് തുള്ളിയായി വെള്ളം നഷ്ടപ്പെട്ടാല്‍ വര്‍ഷം ഏകദേശം 11,000 ലിറ്ററാണ് പാഴാകുന്നത്. ഓരോ പ്രദേശത്തും ‘വാട്ടര്‍ ഓഡിറ്റ്’ നടത്തുകയും ജല ഉപയോഗം പരിമിതപ്പെടുത്തുകയും വേണം.അവസാനത്തെ പുഴയും വറ്റി, അവസാനത്തെ മരവും ഉണങ്ങിക്കഴിയുമ്പോള്‍ മാത്രമേ പണം കൊണ്ട് വിശപ്പും ദാഹവും മാറ്റാനാകില്ലെന്ന് മനുഷ്യന്‍ തിരിച്ചറിയുകയുള്ളൂ. വരും തലമുറക്കായി നമുക്ക് ഈ ഭൂമിയെയും ജലത്തെയും കരുതിവെക്കാം.