അടിമ- ഉടമ ബന്ധമാകരുത് ദാമ്പത്യം

Wait 5 sec.

‘വിവാഹം കഴിക്കുന്നത് വേലക്കാരിയെ അല്ല, ജീവിതപങ്കാളിയെയാണെ’ന്ന സുപ്രീം കോടതിയുടെ പരാമര്‍ശം അര്‍ഥവത്താണ്. ഭാര്യ ഭക്ഷണം പാകം ചെയ്യാന്‍ വിസമ്മതിക്കുന്നതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ കോടതി ബഞ്ചിന്റെ പരാമര്‍ശം. ഭാര്യ പാചകത്തിന് വിസമ്മതിച്ചത് ഒരു കുറ്റമായി കാണാവുന്നതല്ല. പാചകം, തുണി അലക്കല്‍ തുടങ്ങിയ ദൈനംദിന വീട്ടുജോലികള്‍ ഭാര്യയുടെ മാത്രം ഉത്തരവാദിത്വമല്ല. ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ ഇത്തരം വീട്ടുജോലികളില്‍ ഭര്‍ത്താക്കന്മാര്‍ സഹകരിക്കുകയും ഉത്തരവാദിത്വം പങ്കിടുകയും ചെയ്യണമെന്നും കോടതി ഉണര്‍ത്തി.പുരുഷന്‍ സാമ്പത്തിക ഉത്തരവാദിത്വം വഹിക്കുകയും സ്ത്രീ വീട്ടുജോലികളും കുട്ടികളുടെ പരിപാലനവും നിര്‍വഹിക്കുകയും ചെയ്യുന്ന സംവിധാനമായാണ് വിവാഹത്തെ പല സമൂഹങ്ങളും വിഭാഗങ്ങളും ഗണിച്ചുവരുന്നത്. തീര്‍ത്തും അബദ്ധമാണ് ഈ ധാരണ. ഒരു കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നത് പരസ്പര ബഹുമാനത്തിലും അംഗീകാരത്തിലും സഹകരണത്തിലുമാണ്. പാചകവും വീട്ടിലെ ശുചീകരണ പ്രവര്‍ത്തനവും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമല്ല. ഭര്‍ത്താവ് ഉള്‍പ്പെടെ ആ വീട്ടില്‍ താമസിക്കുന്ന എല്ലാവരുടെയും ബാധ്യതയാണത്. ഇത്തരം കാര്യങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ കൂടി സഹകരിക്കുമ്പോഴാണ് ദാമ്പത്യം കൂടുതല്‍ ആസ്വാദ്യകരവും ആനന്ദകരവുമാകുന്നത്.ഭാര്യയെ പാചകക്കാരിയും വീട്ടുജോലിക്കാരിയുമായി ചുരുക്കിക്കാണുന്നത് അവളുടെ വ്യക്തിത്വത്തെ അവഗണിക്കലും സ്വാതന്ത്ര്യ നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. വീട്ടുജോലികള്‍ നിസ്സാരമായി കാണുന്ന പ്രവണതയാണ് പൊതുവെ. വേതനം ലഭിക്കാത്തതിനാല്‍ അതൊരു ജോലിയായി പോലും അംഗീകരിക്കപ്പെടുന്നില്ല. അതേസമയം വീടിനു പുറത്ത് ഓഫീസുകളിലും കച്ചവട സ്ഥാപനങ്ങളിലും മറ്റും ചെയ്യുന്ന ജോലികളേക്കാള്‍ അധ്വാനത്തില്‍ ഒട്ടും കുറവല്ല ഗൃഹജോലികള്‍. ഒരുവേള പ്രൊഫഷനല്‍ ജോലികളേക്കാള്‍ അധ്വാന ഭാരം കൂടും. സ്ത്രീകള്‍ നിര്‍വഹിക്കുന്ന വീട്ടുജോലികളുടെ സാമ്പത്തിക മൂല്യം സുപ്രീം കോടതി പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ ജോലികള്‍ക്ക് ബഹുമാനം കല്‍പ്പിക്കുകയും ഭര്‍ത്താവ് അതില്‍ പങ്കാളിയാകുകയും ചെയ്യുമ്പോള്‍ മാത്രമേ നീതിപൂര്‍വമായ സമൂഹ സൃഷ്ടിപ്പ് സാധ്യമാകുകയുള്ളൂ.ഓഫീസിലെയോ സ്‌കൂളിലെയോ ജോലി കഴിഞ്ഞ് സ്ത്രീകള്‍ വീട്ടിലെ ജോലി മുഴുവന്‍ നിര്‍വഹിക്കേണ്ട അവസ്ഥ നിരവധി കുടുംബങ്ങളിലെ യാഥാര്‍ഥ്യമാണ്. ഇത്തരം കുടുംബങ്ങളിലെ സ്ത്രീകളാണ് വീട്ടുജോലികളുടെ പ്രയാസം കൂടുതലായി അനുഭവിക്കുന്നത്. ഈ ഇരട്ടഭാരം സ്ത്രീകളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നു. പലപ്പോഴും ഇത് ദാമ്പത്യജീവിതത്തില്‍ സംഘര്‍ഷത്തിനും വഴക്കിനും ഇടയാക്കുന്നു. വൈകുന്നേരം ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരില്‍ മിക്കവരും മൊബൈലില്‍ സമയം കൊല്ലുകയോ വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ അല്ലാതെ അടുക്കളയിലെ ഭാര്യയുടെ അധ്വാനഭാരത്തെക്കുറിച്ച് ചിന്തിക്കുകയോ വീട്ടുജോലികളില്‍ അവരെ സഹായിക്കാന്‍ മുന്നോട്ട് വരികയോ ചെയ്യാറില്ല. ഭാര്യ രാപകല്‍ഭേദമന്യേ നിര്‍വഹിക്കുന്ന ജോലികള്‍ക്കും കഠിനാധ്വാനത്തിനും നേരെ കണ്ണടച്ച് വിശ്രമിക്കുന്നത് പുരുഷന്മാരുടെ അവകാശമായി കാണുന്നത് നീതീകരിക്കാനാകാത്തതാണ്. കുടുംബമെന്നത് ഒരു സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനിനേക്കാള്‍ വലുതും അവിടെ താന്‍ നല്‍കുന്ന ഒരു സഹായം ജീവിതപങ്കാളിക്ക് വലിയൊരു ആശ്വാസവുമാണെന്ന് തിരിച്ചറിയുന്നിടത്താണ് ദാമ്പത്യ ജീവിതത്തിന്റെ ശരിയായ ആസ്വാദ്യത.പതിനാല് നൂറ്റാണ്ട് മുമ്പേ പ്രവാചകന്‍ മുഹമ്മദ് നബി(സ) ലോകത്തെ പഠിപ്പിച്ചതാണ്, ഭാര്യയെ വേലക്കാരിയായി കാണാതെ ജീവിതപങ്കാളിയായി അംഗീകരിക്കണമെന്ന, സുപ്രീം കോടതി മുന്നോട്ടുവെച്ച ആശയവും തത്ത്വവും. വിവാഹബന്ധത്തെ പരസ്പര ബഹുമാനവും കരുതലും പങ്കുവെക്കലും നിറഞ്ഞ സഹജീവിതമായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. ഭാര്യയും ഭര്‍ത്താവും പരസ്പര വസ്ത്രങ്ങളാണെന്ന ഖുര്‍ആന്‍ വചനത്തില്‍ ഈ ആശയം വ്യക്തമാണ്. വീട്ടുജോലികള്‍ സ്ത്രീകളുടെ മാത്രം ബാധ്യതയാണെന്ന സാമൂഹിക ബോധത്തെ ഇസ്ലാം നിരാകരിക്കുന്നു. അടുക്കളയിലെ അധ്വാനത്തില്‍ പങ്കുചേരുന്നതും ഭാര്യയുടെ അധ്വാനഭാരം കുറയ്ക്കുന്നതും ഒരു ആരാധനയായി കാണാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പ്രവാചക ജീവിതത്തില്‍ തന്നെ ദൃശ്യമാണ് ഈ മാതൃകയും ഭാര്യാ- ഭര്‍തൃ ബന്ധത്തിലെ ഊഷ്മളതയും. ലോകത്തെ മുഴുവന്‍ നയിച്ച നേതാവും ഭരണാധികാരിയുമായി ഉയര്‍ന്നപ്പോഴും വീട്ടില്‍ ഒരു സാധാരണക്കാരനെ പോലെ ഭാര്യമാരെ സഹായിക്കുമായിരുന്നു പ്രവാചകന്‍. അടുക്കളജോലികളില്‍ സഹായിക്കുകയും സ്വയം വസ്ത്രം തുന്നുകയും ചെരിപ്പ് നന്നാക്കുകയും ചെയ്യുന്ന പ്രവാചകനെയാണ് ചരിത്രം പരിചയപ്പെടുത്തുന്നത്.കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം ഭര്‍ത്താവിനാണെങ്കിലും അത് ഗാര്‍ഹിക ജോലി ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ലൈസന്‍സ് അല്ല. ഭാര്യയുടെ മാന്യതയും സൗകര്യവും ഉറപ്പാക്കി മാത്രമായിരിക്കണം ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ഇസ്ലാമികാധ്യാപനങ്ങളും പ്രവാചക ജീവിതവും പഠിപ്പിക്കുന്നു. ‘ഭാര്യയോടും കുടുംബത്തോടും നന്നായി പെരുമാറുന്നവനാണ് നിങ്ങളിലേറ്റവും ഉത്തമന്‍’ എന്ന പ്രഖ്യാപനത്തിലൂടെ, ജീവിത പങ്കാളിയോടുള്ള നല്ല സഹവാസത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് പ്രവാചകന്‍. സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം, നൂറ്റാണ്ടുകള്‍ക്കു മുമ്പേ പ്രവാചകന്‍ പകര്‍ന്നുതന്ന ആശയങ്ങളുടെ പുനഃസ്ഥാപനത്തിനാണ് ആവശ്യപ്പെടുന്നത്. അടുക്കളജോലികളുടെ അധ്വാനം വിലമതിക്കാനും പങ്കാളിയെ തുല്യ ബഹുമാനത്തോടെ കാണാനും സന്നദ്ധമാകുന്ന ഒരു ജീവിത ക്രമത്തിലേക്ക് സമൂഹം വളരേണ്ടതുണ്ട്.