“മധുരപ്പതിനാറി’ന്റെ മലപ്പുറം പോര്

Wait 5 sec.

മലപ്പുറം | പച്ചത്തുരുത്താണ് മലപ്പുറം. മുസ്‍ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ ആസ്ഥാനവും തലസ്ഥാനവുമെല്ലാം മലപ്പുറത്താണ്. ഏറ്റവും കൂടുതൽ നിയമസഭാ സാമാജികരെ അയക്കുന്ന ജില്ല. 16 മണ്ഡലങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ നിയമസഭയിലുണ്ടാകും.യു ഡി എഫിന് മേൽക്കോയ്മയുള്ള ജില്ലയിൽ 2021ലെ തിരഞ്ഞെടുപ്പിൽ 12 ഇടത്ത് യു ഡി എഫും നാലിടത്ത് ചെങ്കൊടിയും പാറിപ്പറന്നു. മലപ്പുറം, വേങ്ങര, കോട്ടക്കൽ, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി, വണ്ടൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന്, കൊണ്ടോട്ടി, ഏറനാട്, തിരൂർ എന്നിവിടങ്ങളിലാണ് യു ഡി എഫ് എം എൽ എമാരുണ്ടായത്. പൊന്നാനി, നിലമ്പൂർ, തവനൂർ, താനൂർ എന്നിവിടങ്ങളിൽ എൽ ഡി എഫും ജയിച്ചു. പി വി അൻവർ രാജിവെച്ചതോടെ നിലമ്പൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെ യു ഡി എഫിന് 13 എം എൽ എമാരായി.കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പെരിന്തൽമണ്ണയിൽ എൽ ഡി എഫ് സ്വതന്ത്രൻ കെ പി എം മുസ്തഫക്കെതിരെ ലീഗിലെ നജീബ് കാന്തപുരത്തിന്റെ വിജയം കേവലം 38 വോട്ടിന്റെ ലീഡിനായിരുന്നു. ഇത്തവണയും പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം തന്നെയാണ് ലീഗിനായി കളത്തിലിറങ്ങുന്നത്. സി പി എം സ്ഥാനാർഥിയായി മുഹമ്മദ് ഹനീഫയും മത്സരരംഗത്തുണ്ട്.കാറ്റ് വലത്തോട്ട്2024ലെ ലോക്‍സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചു. രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് വന്ന ഉപതിരഞ്ഞെടുപ്പിലും പ്രിയങ്കാ ഗാന്ധി കരുത്ത് കാട്ടി. കഴിഞ്ഞവർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇടത് കോട്ടകളിൽ പോലും വിള്ളൽ വിഴ്ത്തി യു ഡി എഫ് കടന്നുകയറി. ആകെയുള്ള 12 നഗരസഭകളിൽ പൊന്നാനി ഒഴികെ 11 എണ്ണവും യു ഡി എഫിന്റെ കൈയിലെത്തി. 94 ഗ്രാമപഞ്ചായത്തുകളിൽ 88ഉം യു ഡി എഫ് പിടിച്ചു. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 എണ്ണവും യു ഡി എഫ് നേടി. തദ്ദേശത്തിലെ വോട്ട് നില വെച്ച് ജില്ലയിലെ 16 മണ്ഡലങ്ങളിലും യു ഡി എഫിനാണ് മേൽക്കൈ. എന്നാൽ തദ്ദേശത്തിലെ തിരിച്ചടി മറികടന്ന് മികച്ച പ്രകടനത്തിന് ഒരുങ്ങുകയാണ് എൽ ഡി എഫ്.കിഴക്കിന്റെ കരുത്ത്മലയോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലെ എട്ട് മണ്ഡലങ്ങളിലും യു ഡി എഫിന്റെ ആധിപത്യമാണ്. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലന്പൂര്‍ തിരിച്ചുപിടിച്ച് “ആര്യാടൻ വാഴ്ച’ക്ക് വീണ്ടും തുടക്കമിട്ടു. ആര്യാടൻ ഷൗക്കത്തിനെയാണ് വീണ്ടും കോൺഗ്രസ്സ് ഇവിടെ നിയോഗിച്ചത്. എൽ ഡി എഫിന് വേണ്ടി മുന്‍ ദേശീയ ഫുട്ബോൾ താരം യു ഷറഫലിയാണ് മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ശക്തമായ പോര് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂർ.വേങ്ങര വിട്ട് അണികളുടെ പ്രിയപ്പെട്ട “കുഞ്ഞാപ്പ’ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തിറങ്ങിയതോടെ ആസ്ഥാന മണ്ഡലം ഗ്ലാമർ മണ്ഡലമായി മാറിയിട്ടുണ്ട്. നാളിതുവരെ ഇവിടെ ലീഗ് സ്ഥാനാർഥികൾ മാത്രമാണ് ജയിച്ചിട്ടുള്ളത്.വണ്ടൂർ, ഏറനാട്, കൊണ്ടോട്ടി, മഞ്ചേരി എന്നീ മണ്ഡലങ്ങൾ കിട്ടണമെങ്കിൽ എൽ ഡി എഫ് വലിയ അത്ഭുതങ്ങൾ കാണിക്കേണ്ടി വരും. വണ്ടൂർ ഒഴികെ മൂന്ന് മണ്ഡലങ്ങളിലും യു ഡി എഫ് അല്ലാതെ മറ്റാരും ജയിച്ചിട്ടില്ല. ആറാം തവണയും കോൺഗ്രസ്സ് വർക്കിംഗ് പ്രസിഡന്റ് എ പി അനിൽ കുമാർ തന്നെയാണ് കോൺഗ്രസ്സിന് വേണ്ടി ഇവിടെ മത്സരിക്കുന്നത്. സി പി എം സ്ഥാനാർഥിയായി കെ കെ ദാമോദരനാണ് എൽ ഡി എഫിന് വേണ്ടി മത്സരിക്കുന്നത്.മങ്കടയിൽ മഞ്ഞളാംകുഴി അലി എം എൽ എയാണ് ലീഗ് സ്ഥാനാർഥി. ലീഗ് വിമതനാണ് എൽ ഡി എഫ് സ്ഥാനാർഥി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗുമായി ഇടഞ്ഞ മുൻ മണ്ഡലം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചിരുന്നു. സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് സി പി എം കുന്നത്ത് മുഹമ്മദിനെ പിന്തുണച്ചിരിക്കുകയാണ്.ഇടതും വലതും ചാരി പടിഞ്ഞാറ്തീരദേശം ഉൾക്കൊള്ളുന്ന പടിഞ്ഞാറൻ മേഖലയിലെ മണ്ഡലങ്ങളിലാണ് ഇടത് വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നത്. സിറ്റിംഗ് എം എൽ എമാരായ മുൻമന്ത്രി കെ ടി ജലീലും മന്ത്രി അബ്ദുര്‍റഹ്മാനും മത്സരത്തിന് താരപരിവേഷം നൽകുന്നു. ഇടതിനൊപ്പം നിൽക്കുന്ന ഏക നഗരസഭയും ബ്ലോക്ക് പഞ്ചായത്തും പൊന്നാനിയാണ്. അതിനാൽ തന്നെ സിറ്റിംഗ് സീറ്റായ പൊന്നാനി യിൽ ഇടതു പ്രതീക്ഷ വാനോളമാണ്. സി പി എം സ്ഥാനാർഥിയായി വഖ്ഫ് ബോർഡ് മുൻ ചെയർമാൻ എം കെ സക്കീറാണ് മത്സരിക്കുന്നത്. യു ഡി എഫിനായി കെ പി സി സി ജനറൽ സെക്രട്ടറി കെ പി നൗഷാദലിയും.ഇനിയൊരു തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് പറഞ്ഞ കെ ടി ജലീലിനെ തന്നെ സി പി എം രംഗത്തിറക്കിയത് തവനൂർ സീറ്റ് നിലനിർത്താനാണ്. കോൺഗ്രസ്സിന്റെ ഗ്ലാമർ താരം ഡി സി സി പ്രസിഡന്റ് വി എസ് ജോയിയാണ് എതിരാളി. സ്വതന്ത്രപരീക്ഷണത്തിലൂടെ വീണ്ടും ജയിച്ചുകയറാമെന്ന് എൽ ഡി എഫ് കരുതുന്ന മണ്ഡലമാണിത്.മണ്ഡലം മാറി തിരൂരിലെത്തിയിരിക്കുകയാണ് മന്ത്രി വി അബ്ദുര്‍റഹ്മാൻ. രണ്ട് തവണ താനൂരിന്റെ എം എൽ എയായ അബ്ദുര്‍റഹ്മാൻ മത്സരിക്കുകയാണെങ്കിൽ തിരൂർ വേണമെന്ന് വാശിപിടിച്ചാണ് സീറ്റ് നേടിയെടുത്തത്. സിറ്റിംഗ് എം എൽ എ കുറുക്കോളി മൊയ്തീൻ തന്നെയാണ് ഇവിടെ വീണ്ടും മത്സരിക്കുന്നത്.സ്ഥാനാർഥി നിർണയത്തിലൂടെ ലീഗിനെ പ്രതിരോധത്തിലാക്കിയ തിരൂരങ്ങാടിയിൽ അത്ഭുതങ്ങൾ സംഭവിക്കില്ലെങ്കിലും പാർട്ടിയിലെ അസ്വാരസ്യം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്. ലീഗിനായി പുതുമുഖം പി എം എ സമീറും എൽ ഡി എഫിനായി അജിത് കൊളാടിയുമാണ് മത്സരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലമായ വേങ്ങരയിൽ ഇപ്രാവശ്യം ലീഗിന്റെ തുറുപ്പുചീട്ട് കെ എം ഷാജിയാണ് സ്ഥാനാർഥി. സി പി എം സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കലാണ് ഷാജിക്കെതിരെ മത്സരക്കളത്തിലുള്ളത്.വികസനം തന്നെ ചർച്ചവികസനം തന്നെയാണ് വോട്ട് തേടിയുള്ള ചർച്ച. ഇടത് സ്ഥാനാർഥികൾ സർക്കാറിന്റെ വികസനം പറഞ്ഞ് വോട്ട് ചോദിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയുന്നു. മണ്ഡലത്തില്‍ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെങ്കിൽ എം എൽ എയുടെ അനാസ്ഥയായും ആരോപിക്കുന്നു.യു ഡി എഫാകട്ടെ എല്ലാ വികസനങ്ങളും എം എൽ എയുടെ അക്കൗണ്ടിലെത്തിക്കുന്നു. കൂടാതെ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിയും വോട്ട് ചോദിക്കുന്നു. ജനക്ഷേമ പദ്ധതികൾ വന്നില്ലെങ്കിൽ ഭരിക്കുന്ന സർക്കാർ നൽകാത്തതിനാലെന്ന് പറയുന്നു. ഫലത്തിൽ ഇടതിനും വലതിനും വികസനം തന്നെയാണ് വോട്ടിനായുള്ള വിഷയം.മഞ്ചേരി മെഡിക്കൽ കോളജ്, ദേശീയപാത വികസനം, ഗ്രീൻ ഫീൽഡ് ഹൈവേ സ്ഥലമെടുപ്പ്, പെരിന്തൽമണ്ണയിലെ അലിഗഡ് സർവകലാശാലാ കേന്ദ്രം, കരിപ്പൂർ വിമാനത്താവള വികസനം, ഉപരിപഠന പ്രതിസന്ധി എന്നിവയെല്ലാം വോട്ടിന് വേണ്ടി ഇവിടെ ചർച്ചയാകുന്നു.