ആർഎസ്എസുമായി ഡീലുണ്ടാക്കിയാണ് വി ഡി സതീശന്‍ ഗോൾവർക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തതെന്ന ആരോപണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗോൾവർക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ സതീശനെ ആർഎസ്എസ് ക്ഷണിച്ചത് കോൺഗ്രസ് ബിജെപി അവിശുദ്ധ ബന്ധത്തിന്‍റെ സാക്ഷ്യപത്രമാണ്. ഇതിന് മറുപടി പറയാൻ വി ഡി സതീശന് സാധിക്കുന്നില്ലെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു. മത നിരപേക്ഷ കേരളത്തോട് പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. ഇനി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമോയെന്നും അദ്ദേഹം വ്യക്തമാക്കണം. ഈ ചോദ്യം എത്ര കാലം കഴിഞ്ഞാലും നിലനിൽക്കുന്നതാണ്. ഇതിനെതിരെ വ്യാജ ആരോപണമുയർത്തിയിട്ട് കാര്യമില്ല. വിവേകത്തോടെ പെരുമാറാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാകണം. നാടിന്‍റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതാക്കി തെരഞ്ഞെടുപ്പ് മാറ്റാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.തെരഞ്ഞെടുപ്പിൽ വികസനവും ക്ഷേമവും ചർച്ചയാകാതിരിക്കാനാണ് യുഡിഎഫ് ബോധപൂർവം ഡീൽ ആരോപണം ഉന്നയിക്കുന്നതെന്നും എം. സ്വരാജ് വ്യക്തമാക്കി.നീതി ആയോഗിന്‍റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്താണ് കേരളം തുടരുന്നത്. ഏത് രംഗമെടുത്താലും കേരളത്തിന്‍റെ മികവ് പ്രകടമാണ്. വ്യവസായ സൗഹൃദത്തിന്‍റെ കാര്യത്തിൽ 28 ൽ നിന്ന് ഇപ്പോൾ ഒന്നാം സ്ഥാനത്താണ് കേരളം. വികസനത്തിന്‍റെ തുടർച്ചയാണ് തങ്ങൾ സംസാരിക്കുന്നത്.കോൺഗ്രസ് കാലാകാലങ്ങളായി ആർഎസ്എസുമായി നടത്തുന്ന രാഷ്ട്രീയ കൂട്ടുക്കെട്ടിന്‍റെ തുടർച്ചയാണ് ഇപ്പോൾ കേരളത്തിൽ ദൃശ്യമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും വർഗീയ ശക്തികളുമായുള്ള ഡീൽ മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സ്വരാജ് കുറ്റപ്പെടുത്തി.1960-ൽ ഇ.എം.എസിനെ തോൽപ്പിക്കാൻ കോൺഗ്രസ് സ്വീകരിച്ച അതേ ‘ഡീൽ’ ആണ് ഇന്നും അരങ്ങേറുന്നതെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. എ.കെ.ജിക്കെതിരെയും വടകരയിലും ബേപ്പൂരിലും രൂപപ്പെട്ട ‘കോലീബി’ സഖ്യം തെരഞ്ഞെടുപ്പ് ധാരണ മാത്രമല്ല, മറിച്ച് മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ട് വിഹിതത്തിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്-ബിജെപി ഡീൽ സ്വരാജ് വിശദീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തുന്ന കോൺഗ്രസ്, നഗരസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും അവിടെ ബിജെപി ഒന്നാമതെത്തുകയും ചെയ്യുന്നത് കൃത്യമായ വോട്ട് കച്ചവടത്തിന്‍റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.വയനാട് ദുരന്തത്തെപ്പോലും പണപ്പിരിവിനുള്ള അവസരമായാണ് കോൺഗ്രസ് കണ്ടതെന്ന് സ്വരാജ് ആരോപിച്ചു. ദുരന്തബാധിതർക്കായി ജോയിന്‍റ് അക്കൗണ്ട് ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം അസംബന്ധമാണ്. സമർപ്പിക്കപ്പെട്ട കണക്കുകളിൽ ഇത്തരമൊരു അക്കൗണ്ട് ഒരിടത്തുമില്ല. എത്ര പണം സമാഹരിച്ചു എന്നതിൽ കോൺഗ്രസ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post 1960-ൽ ഇ.എം.എസിനെ തോൽപ്പിക്കാൻ കോൺഗ്രസ് സ്വീകരിച്ച അതേ ‘ഡീൽ’ ആണ് ഇന്നും അരങ്ങേറുന്നത്: എം സ്വരാജ് appeared first on ഇവാർത്ത | Evartha.