പുതുച്ചേരി: ആറിടത്ത് ഡി എം കെ-കോണ്‍. സൗഹൃദ മത്സരം

Wait 5 sec.

ചെന്നൈ | കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഡി എം കെയും കോണ്‍ഗ്രസ്സും തമ്മില്‍ ആറിടങ്ങളില്‍ സൗഹൃദ മത്സരം. ഡി എം കെക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ നിന്ന് സഖ്യ ശക്തിയായ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ പിന്മാറാതെ വന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ മത്സരം ഉറപ്പായത്. മറ്റിടങ്ങളില്‍ ഇന്ത്യ മുന്നണിയായി തന്നെ ജനവിധി തേടും.മൂന്ന് മണ്ഡലങ്ങളില്‍ വിടുതലൈ ചിരുതൈകള്‍ കച്ചി (വി സി കെ)ക്കും സ്ഥാനാര്‍ഥികളുണ്ട്. വി സി കെക്ക് അനുവദിച്ച ഏക സീറ്റില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാത്തതിനാല്‍ ഇവിടെയും സൗഹൃദ മത്സരം നടക്കും. പുതുച്ചേരിയില്‍ 30 സീറ്റുകളിലായി 365 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.സൗഹൃദ മത്സരമെന്ന് വിശേഷിപ്പിച്ച്, പ്രാദേശിക പ്രശ്‌നം മാത്രമായി ഈ പോരാട്ടങ്ങളെ കാണുന്നുണ്ടെങ്കിലും പുതുച്ചേരിയിലെ മറ്റ് മണ്ഡലങ്ങളിലേക്കും ഇതിന്റെ സ്വാധീനമുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത് കോണ്‍ഗ്രസ്സാണെന്ന വിമര്‍ശവുമായി ഇടതു പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. ആകെയുള്ള 30 സീറ്റില്‍ കോണ്‍ഗ്രസ്സ് 16 ഇടത്താണ് മത്സരിക്കുന്നത്. വി സി കെ, ഡി എം കെ, ഇടതുപാര്‍ട്ടികള്‍ 14 സീറ്റ് പങ്കിടാനായിരുന്നു ധാരണ.ഡി എം കെക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ നിലവില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളില്‍ മുന്‍ മന്ത്രി എം ഒ എച്ച് എഫ് ഷാജഹാന്‍ (കാലാപ്പേട്ട്), ആര്‍ കുമാരന്‍ (രാജ്ഭവന്‍), രഘുപതി (മംഗലം), കെ വേലു (തിരുബുവനൈ), ശക്തിവേല്‍ പ്രഭു (കാരയ്ക്കല്‍ സൗത്ത്) എന്നിവര്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് അവര്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. നെല്ലിത്തോപ്പില്‍ മാത്രമാണ് കോണ്‍ഗ്രസ്സ് നോമിനിയായ ആനന്ദ്ബാബു നടരാജന്‍ പത്രിക പിന്‍വലിക്കാന്‍ സന്നദ്ധമായത്.കോണ്‍ഗ്രസ്സ് അനുവദിച്ച മണ്ഡലങ്ങളില്‍ നാമനിര്‍ദേശം സമര്‍പ്പിച്ച സ്ഥാനാര്‍ഥികള്‍ ‘ഫോം എ’, ‘ഫോം ബി’ എന്നിവ നല്‍കാതിരിക്കാന്‍ ഡി എം കെ ശ്രദ്ധിച്ചിരുന്നു. ഇത് ആ പത്രികകള്‍ നിരസിക്കുന്നതിലേക്ക് നയിച്ചു. ഇതിനു വിപരീതമായി, കോണ്‍ഗ്രസ്സ് എല്ലാ നോമിനികള്‍ക്കും അംഗീകാര ഫോമുകള്‍ നല്‍കി അവരുടെ സ്വീകാര്യത ഉറപ്പാക്കി. ഇതോടെയാണ് ആറ് ഡി എം കെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് തുടര്‍ന്നത്.ഈ സാഹചര്യം സഖ്യത്തിന്റെ വിജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കില്ലെന്നും സൗഹൃദ മത്സരം മാത്രമാണ് നടക്കുന്നതെന്നും എ ഐ സി സി വക്താവ് ഡോളി ശര്‍മ പറഞ്ഞു. ‘മത്സരരംഗത്തുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ വളരെക്കാലമായി മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അതിനാല്‍ ചില മണ്ഡലങ്ങളില്‍ സൗഹൃദ മത്സരം ഉണ്ടാകാം,’ അവര്‍ പറഞ്ഞു.