‘ഗോള്‍വാള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീല്‍’; വി ഡി സതീശനോട് പിണറായി

Wait 5 sec.

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. 2006ല്‍ ഗോള്‍വാള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീല്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. 2006ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ പരിപാടി നടന്നതെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ബി ജെ പി-സി പി എം ഡീല്‍ ആരോപണം കോണ്‍ഗ്രസ്സ് ശക്തമാക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ 2013ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞ് സ്ഥിരമായി രക്ഷപ്പെടുകയാണ് സതീശനെന്നും മുഖ്യമന്ത്രി ആരോപിച്ചു.2006ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വി ഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ‘2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വി ഡി സതീശന്‍ ആര്‍ എസ് എസ് പിന്തുണ അഭ്യര്‍ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022ല്‍ ആണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.ആര്‍ എസ് എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല. 2006ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.