ഇസ്രായേലിന്റെ തെക്കൻ മേഖലകളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. തെക്കൻ ഇസ്രായേലിലെ പ്രധാന വ്യവസായ കേന്ദ്രമായ നിയോട്ട് ഹോവാവിലെ രാസമാലിന്യ പ്ലാന്റിലാണ് മിസൈൽ പതിച്ചത്.ഇതേത്തുടർന്ന് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടാകുകയും അപകടകാരികളായ രാസവസ്തുക്കൾ ചോരുകയും ചെയ്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.മിസൈൽ പതിച്ചതിന് പിന്നാലെ പ്ലാന്റിൽ നിന്ന് കറുത്ത പുക ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റതായി മെഡിക്കൽ സംഘം അറിയിച്ചു.ആക്രമണത്തെത്തുടർന്ന് പ്ലാന്റിലെ ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും രാസവസ്തുക്കൾ പുറത്തേക്ക് ഒഴുകുകയും ചെയ്തു. ഇതേത്തുടർന്ന് അഗ്നിശമന സേനയുടെ പ്രത്യേക വിഭാഗവും വിദഗ്ധരും സ്ഥലത്തെത്തി ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.പ്ലാന്റിലെയും സമീപത്തെ ഫാക്ടറികളിലെയും തൊഴിലാളികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു. അന്തരീക്ഷത്തിലെ രാസവസ്തുക്കളുടെ അളവ് നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഇസ്രായേൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വ്യക്തമാക്കി.നിയോട്ട് ഹോവാവിന് പുറമെ തെക്കൻ നഗരമായ ബീർഷെബയിലും മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി.സ്ഫോടകവസ്തു വിദഗ്ധരും അതിർത്തി രക്ഷാസേനയും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നെഗേവ് മരുഭൂമി മേഖലയിലുടനീളം മിസൈൽ വിക്ഷേപണത്തെത്തുടർന്ന് കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.The post ഇസ്രായേലിലെ കെമിക്കൽ പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വൻ തീപിടുത്തം, വിഷവാതക ചോർച്ചയെന്ന് ആശങ്ക appeared first on Arabian Malayali.