കോഴിക്കോട് | വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ജെന്‍സി തലമുറയെന്നു വിളിക്കുന്ന യുവ വോട്ടര്‍മാര്‍ നിര്‍ണായകമായിരിക്കും. 4.66 ലക്ഷത്തിലധികം വരുന്ന കന്നിവോട്ടര്‍മാരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ പ്രസിദ്ധീകരിച്ച സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്ന 4,66,408 കന്നി വോട്ടര്‍മാര്‍ ഓരോ സ്ഥാനാര്‍ഥിയുടേയും വിധ നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കും.ക്യാമ്പസ്സുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഭാഗമാണെങ്കിലും സംസ്ഥാന ഭരണത്തെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമെല്ലാം ഇവര്‍ വച്ചു പുലര്‍ത്തുന്ന നിലപാടുകള്‍ പൊതുവെ രഹസ്യമാണ്. പരസ്യമായ രാഷ്ട്രീയ സംവാദത്തിനോ പൊതു പ്രവര്‍ത്തനത്തിനോ താല്‍പര്യം കാണിക്കാത്തതാണ് ഈ തലമുറയുടെ പൊതു സ്വഭാവം. എന്നാല്‍ എല്ലാറ്റിനെക്കുറിച്ചും ഇവര്‍ക്കു വ്യക്തമായ കാഴ്ചപ്പാടും ഉണ്ടെന്നാണു കരുതുന്നത്. വീട്ടുകാരുടെ അതേ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന പഴയ തലമുറയുടെ പൊതു സ്വഭാവം ഇവര്‍ക്കില്ലെന്നതാണ് പ്രത്യേകത. വീട്ടുകാരുടെ രാഷ്ട്രീയ നിലപാടിനെ ഇവര്‍ അതേ പടി പിന്തുടരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ പ്രചാരണങ്ങള്‍ വലിയൊരളവില്‍ ഇവരെ സ്വാധീനിക്കുന്നുണ്ട്.രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും ഡിജിറ്റല്‍ സ്ട്രാറ്റജികളും പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഈ യുവ വോട്ടര്‍മാരെയാണ്. ഇവരുടെ നിലപാടുകളും വോട്ടിംഗ് പാറ്റേണും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയില്‍ സ്വാധീനിക്കും.40 മുതല്‍ 49 വയസ്സുവരെയുള്ളവരാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗം. 100 മുതല്‍ 109 വയസുവരെയുള്ള വയോധികരായ 1,501 വോട്ടര്‍മാരും 110 വയസ്സിനു മുകളില്‍ പ്രായമുള്ള 54 പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ് (36,32,210). കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരേക്കാള്‍ പുരുഷ വോട്ടര്‍മാരുള്ള ഏക ജില്ലയും മലപ്പുറമാണ്. മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കില്‍ മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ തലസ്ഥാന നഗരിയായ തിരുവനന്തപുരമാണ് മുന്നില്‍. മലപ്പുറം തൊട്ടുപിന്നിലുണ്ട്.തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) മുമ്പ് 2.78 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. കൃത്യമായ പരിശോധനകള്‍ക്കും ഇരട്ടിപ്പുകള്‍ ഒഴിവാക്കിയതിനും ശേഷം ഇത് 2.69 കോടിയായി ക്രമീകരിക്കപ്പെട്ടു. ആകെ വോട്ടര്‍മാരില്‍ 2,42,093 പേര്‍ വിദേശ ഇലക്ടറല്‍ വിഭാഗത്തിലും 53,984 പേര്‍ സര്‍വീസ് വോട്ടര്‍മാരായും ഉള്‍പ്പെടുന്നു.രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളിലോ റാലികളിലോ ജെന്‍സി പങ്കാളിത്തം വളരെ കുറവാണ്. എന്നാല്‍ ഡി ജെ പോലെ ആവേശം കൊള്ളിക്കുന്ന റോഡ് ഷോകളില്‍ ഇവരെ കാണുന്നുണ്ട്. ഒന്നും തുറന്നു പറയാത്ത ഈ തലമുറ പുതിയ സര്‍ക്കാറിനെ സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കും.