വാഷിംഗ്ടൺ | ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 15 ഇന സമാധാന പദ്ധതി മുന്നോട്ട് വെച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രാഈലും ഇറാനെതിരെ നടത്തിയ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം ആഗോള വിപണിയെയും അന്താരാഷ്ട്ര സുരക്ഷയെയും സാരമായി ബാധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. എന്നാൽ ഔദ്യോഗിക ചർച്ചകൾ നടക്കുന്ന കാര്യം ഇറാൻ നിഷേധിച്ചു.മൂപ്പത് ദിവസത്തെ താൽക്കാലിക വെടിനിർത്തലാണ് അമേരിക്കൻ നിർദ്ദേശത്തിലെ പ്രധാന ഇനം. നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലെ ആണവ നിലയങ്ങൾ ഇറാൻ തകർക്കണമെന്നും ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് രാജ്യം ഉറപ്പുനൽകണമെന്നും പദ്ധതി ആവശ്യപ്പെടുന്നു. കൂടാതെ സമ്പുഷ്ടീകരിച്ച യുറേനിയം ഐ എ ഇ എ ക്ക് കൈമാറണം. മിസൈലുകളുടെ എണ്ണത്തിലും ദൂരപരിധിയിലും നിയന്ത്രണം ഏർപ്പെടുത്തുക, പ്രാദേശിക ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നിവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ.ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കം ചെയ്യാനും ബുഷെർ ആണവ നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിന് പിന്തുണ നൽകാനും അമേരിക്ക തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതേസമയം അമേരിക്കയുടെ നിർദ്ദേശങ്ങൾ അമിതമാണെന്ന് വിശേഷിപ്പിച്ച ഇറാൻ ഇവ തള്ളിക്കളഞ്ഞു. യുദ്ധം അവസാനിപ്പിക്കേണ്ട സമയം തീരുമാനിക്കാൻ ട്രംപിനെ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഗ്യാരണ്ടി ഉറപ്പാക്കുക എന്നിവയാണ് തങ്ങളുടെ നിബന്ധനകളെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.മേഖലയിലെ യു എസ് സൈനിക താവളങ്ങൾ നിർത്തലാക്കണമെന്ന ആവശ്യവും ഇറാൻ മുന്നോട്ട് വെക്കുന്നുണ്ട്. സമാധാന ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾക്കിടയിലും മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായും വിവരങ്ങളുണ്ട്.SummaryUS President Donald Trump has reportedly introduced a 15-point peace proposal to halt the ongoing conflict with Iran, featuring a 30-day ceasefire and strict nuclear restrictions. Iran has dismissed the proposal as excessive, demanding reparations and the withdrawal of US military bases from the region instead. Despite these potential negotiations, both nations remain on high military alert as global markets watch for signs of de-escalation.