ആസന്നമോ ആ ഭയാനകയുഗം

Wait 5 sec.

കാലാവസ്ഥാ മാറ്റം ഭൂമിയിൽ പ്രകടമായ ഒട്ടേറെ പ്രതിഭാസങ്ങൾക്കാണ് ലോകത്തെമ്പാടും കാരണമാകുന്നത്. ചൂട് കൂടുന്ന അവസ്ഥ ഒട്ടേറെ സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇവയിൽ മിക്കതും മനുഷ്യനുൾപ്പെടെ ഭൂമുഖത്തെ ജീവ സസ്യ ജാതികൾക്ക് പലതരത്തിലുള്ള ഭീഷണികൾ സൃഷ്ടിക്കുന്നു. ചിലയിടങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്.ഇക്കാര്യങ്ങൾ ഭൂമിയിലെ വിവിധ കാലാവസ്ഥാ പ്രദേശങ്ങളിൽ പല തരത്തിലാണ് പ്രകടമാകുന്നത്.ചൂടേറിയ ഇടങ്ങളിൽ ശൈത്യകാലത്തിന്റെ വിരുന്നു വരവ്, നൂറിലേറെ വർഷങ്ങളായി മഴ പെയ്യാത്തിടത്ത് മഴയും പ്രളയവും, ഐസുറഞ്ഞ് കിടക്കുന്നയിടങ്ങളിൽ മഞ്ഞുരുകി പുൽനാമ്പുകൾ കിളിർക്കൽ, ദേശാന്തരഗമന സ്വഭാവമുള്ള ജീവജാതികൾക്ക് പുതിയ മേഖലകൾ ലഭിക്കൽ, മഞ്ഞുരുകൽ മൂലം കടൽത്തീര പട്ടണങ്ങളിലേക്ക് കടലിന്റെ കടന്നുകയറ്റം, ചില സ്ഥലങ്ങളിൽ കൃഷി അസാധ്യമാകുമ്പോൾ മറ്റു ചിലയിടങ്ങളിൽ പുതിയ കാർഷിക മേഖലകൾ തുറന്നു കിട്ടൽ, സസ്തനികളിൽ പുതിയ രോഗങ്ങളുടെ പിറവി, പകർച്ചവ്യാധി പടരൽ, കാർഷിക വിളകളിൽ ഉത്പാദനക്കുറവ്, വർധിച്ച കീട – രോഗബാധ, വളർച്ചാ വൈകല്യങ്ങൾ, പരാഗണ കുറവ്, സ്വാദു മാറ്റം, കുറയുന്ന മേച്ചിൽപുറങ്ങൾ, ആവാസവ്യവസ്ഥകൾ, ശൈത്യകാലത്ത് മൈനസ് 60 ലും താഴുന്ന തണുപ്പ് തുടങ്ങി നിരവധി പ്രശ്നങ്ങൾ ലോകത്തെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 10-15 വർഷത്തെ കാലാവസ്ഥാ മാറ്റം മൂലമുള്ള പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ആധുനിക മനുഷ്യന്റെ ജീവിതക്രമങ്ങളും ഭക്ഷണ – ജീവിത രീതികളും കാർഷിക പ്രവർത്തനവും, ഉപജീവന മുറകളും രോഗശമന പ്രവർത്തനങ്ങളും ക്രമീകരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവർത്തിച്ച് ആവശ്യപ്പെടുന്നത്.കാർഷികരംഗത്ത് ഒട്ടേറെ പുതിയ തുടക്കങ്ങളുണ്ടാക്കിയ ഹരിത വിപ്ലവത്തിന്റെ അന്പത് വർഷങ്ങൾക്ക് ശേഷം കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും കർഷകരെയാണ് വിളവുത്പാദനത്തിലും സൂക്ഷിപ്പിലും ഏറ്റവുമധികം പ്രശ്നങ്ങൾ സൃഷ്ടിച്ച് ആകുലരാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനക്കാലത്ത് കർഷകരെ ചേർത്തുപിടിക്കുന്ന സമീപനങ്ങൾ എല്ലാ ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും കാർഷിക സ്ഥാപനങ്ങളും കൈക്കൊള്ളണമെന്നാണ് ലോക ഭക്ഷ്യ ധാന്യ സംഘടന (FAO) ആവശ്യപ്പെടുന്നത്.എന്നാൽ കാലാവസ്ഥാ മാറ്റം മിഥ്യയാണെന്ന വ്യാപക പ്രചാരണവുമായി ഒരു വലിയ വിഭാഗം അന്താരാഷ്ട്ര തലത്തിൽ രംഗത്തുണ്ട്. നിർഭാഗ്യവശാൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ദുരന്തബാധിതരെ സഹായിക്കാനുമുള്ള അന്താരാഷ്ട്ര കരാറുകൾക്കും സഹായ ഹസ്തങ്ങൾക്കും വിരുദ്ധ നിലപാടുകൾ തിരിച്ചടിയായിട്ടുണ്ട്.വംശനാശം സംഭവിക്കുന്ന ജീവ- സസ്യ ജാതികളും വർഷംതോറും ഉത്പാദനക്കുറവ് രേഖപ്പെടുത്തുന്ന കാർഷിക മേഖലയും മത്സ്യബന്ധനത്തിലെ ഇടിവും, മാറി മറയുന്ന കാലാവസ്ഥയും ഭൂമിയിൽ വീണ്ടുമൊരു ഭയാനകയുഗം വന്നേക്കുമെന്ന പ്രവചനങ്ങൾ ശരിവെക്കുന്നതാണ്.ഭൂമിയുടെ സവിശേഷ മൂന്നാം കറക്കത്തിന്റെ അവസാന പാദത്തിലെ ഈ വ്യതിയാനങ്ങൾ പല തവണ ഭൂമിയിൽ സർവനാശത്തിന് അരങ്ങൊരുക്കിയിട്ടുണ്ട് എന്ന വസ്തുത നമുക്ക് മറക്കാതിരിക്കാം.കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ സ്വാഭാവിക തുടർച്ചയുടെ ഭാഗമാണ് എന്ന തിരിച്ചറിവിൽ അതിനനുസരിച്ച് നമ്മുടെ പ്രവർത്തനങ്ങളും, ജീവിത രീതിയും ഭാവി ആസൂത്രണങ്ങളും വികസന പദ്ധതികളും ക്രമീകരിച്ച് മാത്രമേ ഇനി തുടരാനാകൂ എന്ന യാഥാർഥ്യം അംഗീകരിക്കലാണ് കാലാവസ്ഥാ വ്യതിയാനക്കാലത്ത് നമുക്ക് ചെയ്യാനുള്ള മുഖ്യ പരിപാടികൾ.ലോകത്തെമ്പാടും വർഷം തോറും വർധിക്കുന്ന വരൾച്ചക്ക്, നിത്യേന കുറയുന്ന ഹരിതാഭയും നഷ്ടപ്പെടുന്ന തണ്ണീർത്തടങ്ങളും മുഖ്യകാരണമാകുന്നുണ്ട്. ജലശേഖരങ്ങളെയും കാടിനെയും വയലേലകളെയും നിലനിർത്താൻ, സാമൂഹിക ശ്രമങ്ങൾ അത്യന്താപേക്ഷിതമായിരിക്കുന്നു. ( ലേഖകൻ നിലമ്പൂർ പ്രകൃതിപഠന കേന്ദ്രം ഡയറക്ടറാണ്)