തിരുവനന്തപുരം| സംസ്ഥാനത്ത് ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് നടത്തിയ ‘ഹെല്‍മെറ്റ് ഓണ്‍, സേഫ് റൈഡ്’ സ്പെഷ്യല്‍ ഡ്രൈവില്‍ വന്‍ പിഴ ഈടാക്കി. മാര്‍ച്ച് 18 മുതല്‍ 24 വരെ നടന്ന പരിശോധനയില്‍ 1,13,011 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിക്കാത്ത 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിലൂടെ ആകെ 2,70,51,150 രൂപ പിഴയായി ഈടാക്കി.ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ ലക്ഷ്യം റോഡപകടങ്ങള്‍ കുറയ്ക്കുകയും ഹെല്‍മറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയുമായിരുന്നു.വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗവും ഹെല്‍മറ്റ് ധരിക്കാത്തവരാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. ഹൈവേ പട്രോളിംഗ് സംഘങ്ങള്‍ നിരന്തര നിരീക്ഷണം തുടരുമെന്നും ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.പൊതുജനങ്ങള്‍ക്ക് ഗതാഗത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലൂടെ വിവരം അറിയിക്കാവുന്നതാണ്.