കണ്ണൂർ | സംസ്ഥാനത്ത് ആദ്യമായി തുടർഭരണം യാഥാർഥ്യമാക്കിയ ക്യാപ്റ്റൻ ഇത്തവണ ജന്മനാട്ടിൽ ജനവിധി തേടുന്നത് വീണ്ടും ചരിത്രം കുറിക്കാൻ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പിറവി നൽകിയ പാറപ്രം ഉൾപ്പെടുന്ന ധർമടം മണ്ഡലത്തിൽ മൂന്നാം തവണ പിണറായി എത്തുന്നത് “ഹാട്രിക്’ ഭരണത്തിന് നായകത്വം വഹിക്കാനുള്ള വിജയം തേടിയാണ്.സി പി എമ്മിന് ശക്തമായ അടിത്തറയുള്ള പ്രദേശമാണ് ധർമടം മണ്ഡലം. 2021ൽ അര ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷമായിരുന്നു പിണറായി വിജയന്. 50,123 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഭൂരിപക്ഷം അതുക്കും മേലെയെത്തിക്കാനാണ് പാർട്ടിയുടെ ഒരുക്കങ്ങൾ. 2016ൽ 36,905 ആയിരുന്നു ഭൂരിപക്ഷം.മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളെല്ലാം ഭരിക്കുന്നത് ഇടതുമുന്നണി തന്നെ. പത്ത് വർഷം കൊണ്ട് ധർമടത്തെയാകെ മാറ്റിയെന്നത് എതിരാളികൾ പോലും സമ്മതിക്കും. ഇതൊക്കെ വോട്ടായി മാറുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. എതിരാളിയെ നിസ്സാരമായി കണ്ട് അലസരായി ഇരിക്കാതെ തദ്ദേശ തിരഞ്ഞെടുപ്പിലെ വീഴ്ച കൂടി കണ്ട് കരുതലോടെ തന്നെയാണ് പാര്‍ട്ടിയുടെ ഓരോ നീക്കവും. ധർമടത്തെ ജയവും ഭൂരിപക്ഷവും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റേതാണെന്നതിനാൽ ഭൂരിപക്ഷം വർധിപ്പിക്കുകയെന്നത് പ്രധാന ലക്ഷ്യമാണ്.സ്ഥാനാർഥികളെല്ലാം ആദ്യഘട്ട പ്രചാരണവും ശേഷം പൊതുപര്യടനവും തുടങ്ങിയെങ്കിലും പിണറായി പര്യടനമൊന്നും ആരംഭിച്ചിട്ടില്ല. സ്ഥാനാർഥി വന്നാലും ഇല്ലെങ്കിലും ധർമടത്തെ പ്രവർത്തകർക്ക് പരാതിയോ പരിഭവമോ ഇല്ല. പ്രചാരണങ്ങളാകെ നാട് നിറഞ്ഞുകഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജന്മനാട്ടിലേക്ക് നടത്തിയ റോഡ് ഷോയില്‍ വൻ ജനക്കൂട്ടമാണ് പിണറായിക്ക് അഭിവാദ്യം അർപ്പിക്കാനായി തടിച്ചുകൂടിയത്.അടുത്തമാസം നാലുമുതല്‍ മൂന്ന് ദിവസം പിണറായി നാട്ടിലുണ്ടാകും. നാലിനും അഞ്ചിനും മണ്ഡലം പൊതു പര്യടനമാണ്. ആകെ 25 കേന്ദ്രങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ആറിന് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് റോഡ്‌ഷോയും ഉണ്ടാകും.കോൺഗ്രസ്സിലെ യുവനേതാവ് വി പി അബ്ദുര്‍റഷീദാണ് യു ഡി എഫ് സ്ഥാനാർഥി. കഴിഞ്ഞതവണ തളിപ്പറമ്പിൽ എം വി ഗോവിന്ദനെതിരെ മത്സരിച്ച അബ്ദുര്‍റഷീദ് നല്ല മുന്നേറ്റമുണ്ടാക്കിയിരുന്നു. ബി ജെ പിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്താണ് മത്സരിക്കുന്നത്.മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനെ ലക്ഷ്യമിട്ടാണ് എതിർ സ്ഥാനാർഥികളുടെ പ്രചാരണ തന്ത്രങ്ങളെല്ലാം. പിണറായിയെന്ന വികാരം കൊണ്ടുനടക്കുന്ന പ്രവർത്തകർ അദ്ദേഹത്തെ ചേർത്തുപിടിച്ചാണ് പ്രതിരോധം തീർക്കുന്നത്.