ടെഹ്‌റാന്‍ | ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ച് ഇസ്‌റാഈല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വന്‍ മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉള്‍പ്പെടെയുള്ള രണ്ട് ആണവ നിലയങ്ങള്‍ക്കും രണ്ട് വന്‍കിട സ്റ്റീല്‍ പ്ലാന്റുകള്‍ക്കും നേരെയുണ്ടായ ആക്രമണം പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി.സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഏപ്രില്‍ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിരുന്നു. ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു.ഇസ്‌റാഈലിനു ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കന്‍ കേന്ദ്രമായ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസും ടാങ്കര്‍ വിമാനങ്ങളും ഇറാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്‌റാഈലിന്റെ ഈ നീക്കം മേഖലയില്‍ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോകം.