ന്യൂഡല്‍ഹി| ഇന്ത്യയില്‍ മുസ്ലിംകള്‍ സുരക്ഷിതര്‍ ആണെന്നും അല്ലാഹുവിനോട് നന്ദിയുണ്ടെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദത്തുള്ള ഹുസൈനി പറഞ്ഞു. കഴിഞ്ഞ ചെറിയ പെരുന്നാളിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസിന്റെ ഹിന്ദി എഡിഷനോട് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.”ഭാരതത്തിൽ മുസ്‌ലിംകൾ തീർച്ചയായും സുരക്ഷിതരാണ്. ഭാരതത്തിന്റെ നിയമം, ഭരണഘടന, ഇവിടത്തെ ജനാധിപത്യ മൂല്യങ്ങൾ എന്നിവയുടെ ഫലമായി ഇവിടെ സമാധാനമുണ്ട്. ആ സമാധാനത്തിന് ഞങ്ങൾ അല്ലാഹുവിനോട് നന്ദി പറയുന്നു. ഈ മൂല്യങ്ങള്‍ എക്കാലവും നിലനില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.അതേസമയം, രാജ്യത്തിന്റെ പാരമ്പര്യവും ഭരണഘടനാപരമായ ഉറപ്പുകളും ഇല്ലാതാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അവയെ തടയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഈ പാരമ്പര്യം ഇനിയും തുടരേണ്ടതുണ്ടെന്നും’ അമീര്‍ വ്യക്തമാക്കി.നോമ്പിന്റെ അവസാന ദിവസങ്ങളോടനുബന്ധിച്ച് ഐ എ എന്‍ എസ് ഇന്ത്യയിലെ വിവിധ മുസ്ലിം നേതാക്കളുമായി നടത്തിയ അഭിമുഖങ്ങളുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് പെരുന്നാള്‍ സന്ദേശമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദത്തുള്ള ഹുസൈനി ഇക്കാര്യം പറഞ്ഞത്.