ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾ ലോകത്തെ വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്.നിലവിലെ യുദ്ധം ലോകം സ്വയം വരുത്തിവെക്കുന്ന ഒരു ദുരന്തമായി മാറുമെന്നും ഇതിന്റെ ആഘാതം കൊറോണ മഹാമാരിയേക്കാൾ ഭീകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ “അമേരിക്ക ഫസ്റ്റ്” എന്ന നിലപാടിനെ സ്റ്റബ്ബ് രൂക്ഷമായി വിമർശിച്ചു. നയതന്ത്രം എന്നത് കേവലം ചുരുങ്ങിയ ലാഭത്തിനായുള്ള ഇടപാടുകൾ മാത്രമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു.താല്പര്യങ്ങൾ തമ്മിൽ ചിലപ്പോൾ കച്ചവട സ്വഭാവം ഉണ്ടാകാമെങ്കിലും, നയതന്ത്രം എന്നത് പരസ്പര ധാരണയിലൂടെയുള്ള ദീർഘകാല ബന്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ട്രംപിന്റെ ഇപ്പോഴത്തെ രീതികൾ ആഗോള നയതന്ത്രത്തിന്റെ അന്തഃസത്ത ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇറാൻ സംഘർഷത്തിൽ അമേരിക്കയെ പിന്തുടരാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് താല്പര്യമില്ലെന്ന സൂചനയും സ്റ്റബ്ബ് നൽകി. ഹോർമൂസ് കടലിടുക്കിലെ തടസ്സങ്ങളും ഇന്ധനവില വർദ്ധനവും ആഗോള വിതരണ ശൃംഖലയെ തകർക്കുമെന്ന് സ്റ്റബ്ബ് ചൂണ്ടിക്കാട്ടി.കൊറോണ കാലത്തുണ്ടായതിനേക്കാൾ വലിയ വിലക്കയറ്റത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ഇത് ലോകത്തെ നയിക്കുമെന്നും, പടിഞ്ഞാറൻ രാജ്യങ്ങൾ ഈ യുദ്ധത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇറാൻ എന്റെ യുദ്ധമല്ല. യുക്രൈൻ ആണ് എന്റെ യുദ്ധമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. റഷ്യയിൽ നിന്നുള്ള ഭീഷണി നേരിടുന്ന യൂറോപ്പിനെ സംബന്ധിച്ചിടത്തോളം യുക്രൈനിലെ സമാധാനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.The post കൊറോണയേക്കാൾ വലിയ സാമ്പത്തിക തകർച്ചയുണ്ടാകും; അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഫിൻലൻഡ് പ്രസിഡന്റ് appeared first on Arabian Malayali.