ന്യൂഡൽഹി | പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ തുടരുന്ന യുദ്ധം ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നു. മിസൈൽ ആക്രമണങ്ങളും ഡ്രോൺ വിമാനങ്ങളും പശ്ചിമേഷ്യൻ ആകാശത്ത് കത്തുമ്പോൾ അതിന്റെ ആഘാതം ഏഷ്യൻ രാജ്യങ്ങളിലെ ഇന്ധന വിലവർദ്ധനവായും ക്ഷാമമായും പ്രതിഫലിക്കുകയാണ്. ലോകത്തെ ഇന്ധന കയറ്റുമതിയുടെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അമേരിക്കയുമായും ഇസ്രായീലുമായും ബന്ധമുള്ള കപ്പലുകളെ കടത്തിവിടാത്ത സാഹചര്യം പല രാജ്യങ്ങളെയും അടിയന്തരാവസ്ഥയിലേക്ക് നയിച്ചു.ഫിലിപ്പീൻസിൽ ഇന്ധന വിതരണം ഗണ്യമായി കുറഞ്ഞതിനെത്തുടർന്ന് പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയർ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ അവശ്യ സേവനങ്ങളെ ബാധിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ജൂലൈ അവസാനം വരെ മാത്രമേ വിമാനങ്ങൾ പറത്താനുള്ള ഇന്ധനം പക്കലുള്ളൂ എന്ന് ഫിലിപ്പൈൻ എയർലൈൻസ് അറിയിച്ചു. ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരോട് ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എയർ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെൽഷ്യസിൽ കുറയ്ക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.പാകിസ്താനിലും സ്ഥിതി സങ്കീർണ്ണമാണ്. ഔദ്യോഗിക പ്രഖ്യാപനമില്ലാതെ തന്നെ വിമാന ഇന്ധനത്തിന്റെയും മണ്ണെണ്ണയുടെയും വില കുത്തനെ വർദ്ധിച്ചു. വിലവർദ്ധനവ് തടയാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഐ എം എഫ് പദ്ധതികൾ അനിശ്ചിതത്വത്തിലായതിനാൽ ഇത് അധികകാലം തുടരാനാവില്ലെന്നാണ് റിപ്പോർട്ടുകൾ.ശ്രീലങ്കയിൽ ഇന്ധന ഉപഭോഗം 25 ശതമാനം കുറയ്ക്കുന്നതിന്റെ ഭാഗമായി തെരുവ് വിളക്കുകളും നിയോൺ ബോർഡുകളും ഓഫ് ചെയ്യാൻ തീരുമാനിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ എ സി ഉപയോഗം കുറയ്ക്കാനും ആഴ്ചയിൽ നാല് ദിവസം ജോലി എന്ന ക്രമീകരണത്തിലേക്ക് മാറാനും നിർദ്ദേശമുണ്ട്.വിയറ്റ്നാമിൽ ഗതാഗതം കുറയ്ക്കുന്നതിനായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) സർക്കാർ ആവശ്യപ്പെട്ടു.ബംഗ്ലാദേശിൽ സർവ്വകലാശാലകൾ അടച്ചിടുകയും ഇന്ധന റേഷനിംഗ് ഏർപ്പെടുത്തുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം കാരണം ബംഗ്ലാദേശിന്റെ ഇന്ധന ഇറക്കുമതി ചെലവിൽ 4.8 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. SummaryThe ongoing conflict between the United States and Iran has led to a significant global energy crisis, severely affecting Asian nations. Countries such as the Philippines have declared a national energy emergency, while others like Sri Lanka and Vietnam are implementing 4-day work weeks and work-from-home policies to conserve fuel. The closure of the Strait of Hormuz remains a critical factor in the surging fuel prices and supply disruptions worldwide.