പ്രചാരണം അവസാന ലാപ്പിലേക്ക്; താര പ്രചാരകര്‍ രംഗം കീഴടക്കുന്നു

Wait 5 sec.

തിരുവനന്തപുരം | കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നു. സോണിയാ ഗാന്ധിയുടെ രോഗാവസ്ഥയെ തുടര്‍ന്ന് യാത്ര മറ്റിവച്ച രാഹുലിന്റെ വരവ് യു ഡി എഫ് ക്യാമ്പില്‍ ആവേശം വിതയ്ക്കും.ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചിരുന്നു. എന്‍ ഡി എ ക്യാമ്പില്‍ വലിയ ആവേശം പടര്‍ത്തുന്നതായിരുന്നു മോദിയുടെ വരവ്. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുല്‍ ഉദ്ഘാടനം ചെയ്യും. ശേഷം കോട്ടയം ജില്ലയിലും പ്രചരണത്തിനെത്തും. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുന്നത്. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. രാഹുല്‍ ഗാന്ധി എത്തുന്നതിന് തുടര്‍ന്ന് കോട്ടയം നഗരത്തില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും എത്തുന്നുണ്ട്. ഏപ്രില്‍ രണ്ടിന് പ്രചാരണത്തിനായി പ്രിയങ്ക പാലക്കാട് എത്തും. കോട്ട മൈതാനത്തില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കേരളത്തിലെ താരപ്രചാരകരില്‍ ഒരാളായ പ്രിയങ്ക കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍തൂക്കം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊല്ലം ജില്ലയിലാണ്. ചവറ, കൊല്ലം, കൊട്ടാരക്കര, ചടയമംഗലം എന്നീ നാലു മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ഹോട്ടല്‍ ബീച്ച് ഓര്‍ക്കിഡില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.