ടെഹ്റാൻ | ഇസ്റാഈലിനും അമേരിക്കക്കുമെതിരായ തിരിച്ചടി ശക്തമാക്കി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി). ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ൻ്റെ ഭാഗമായി എൺപതാം ഘട്ട ആക്രമണമാണ് ബുധനാഴ്ച പുലർച്ചെ നടന്നതെന്ന് ഇറാൻ ചാനലായ പ്രസ് ടി വി റിപ്പോർട്ട് ചെയ്യുന്നു. അധിനിവേശ പ്രദേശങ്ങളിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ മിസൈൽ വർഷം.ലെബനനിലെ ഹിസ്ബുള്ള പോരാളികൾക്കും ഇസ്റാഈൽ ആക്രമണത്തിന് ഇരയാകുന്ന ദക്ഷിണ ലെബനനിലെ ജനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചാണ് ഐ ആർ ജി സി എയ്റോസ്പേസ് ഫോഴ്സ് ഈ ആക്രമണം നടത്തിയത്. വടക്കൻ അധിനിവേശ പ്രദേശങ്ങളിലെ സൈനിക കമാൻഡ് സെൻ്ററുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായി ഐ ആർ ജി സി പ്രസ്താവനയിൽ അറിയിച്ചു. വടക്കൻ അതിർത്തിയിലെ ആക്രമണങ്ങളും പ്രതിരോധ നീക്കങ്ങളും ഏകോപിപ്പിക്കുന്ന സ്വഫദിലെ സയണിസ്റ്റ് സൈനിക ആസ്ഥാനം പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.ഇസ്റാഈലിനെതിരായ മുൻകൂട്ടി പ്രഖ്യാപിച്ച പരമ്പര ആക്രമണങ്ങളുടെ തുടക്കമാണിതെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. സയണിസ്റ്റ് സേനയുടെ വടക്കൻ കേന്ദ്രങ്ങൾക്കും ഗസ്സ ബെൽറ്റിനും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുമെന്ന് ഐ ആർ ജി സി മുന്നറിയിപ്പ് നൽകി. തെൽ അവീവ്, കിര്യത്ത് ഷിമോണ, ബ്നീ ബ്രാക് എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾക്ക് പുറമെ കുവൈത്തിലെ അലി അൽ സലേം, അരിഫ്ജാൻ, ജോർദാനിലെ അൽ അസ്റാഖ്, ബഹ്റൈനിലെ ഷെയ്ഖ് ഈസ എന്നീ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും കൃത്യതയാർന്ന മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി.ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ആരംഭിച്ചത്. പൂർണ്ണ വിജയം കൈവരിക്കുന്നത് വരെ തിരിച്ചടി തുടരുമെന്നാണ് ഐ ആർ ജി സി വക്താക്കൾ അറിയിച്ചിരിക്കുന്നത്. SummaryThe Islamic Revolution Guards Corps (IRGC) has conducted the 80th wave of its retaliatory Operation True Promise 4, targeting strategic military centers in northern and central occupied territories. The strikes successfully hit Zionist command centers in Safed and Tel Aviv, as well as several US military outposts in Kuwait, Jordan, and Bahrain using precision missiles and drones. The IRGC stated that these operations will continue until complete victory is achieved in response to ongoing regional aggression.