പത്തനംതിട്ട | രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ബി ജെ പി, സി പി എം ഡീല്‍ ആരോപണം വീണ്ടും ഉന്നയിച്ചത് നനഞ്ഞ പടക്കം പോലെയായെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. പത്തനംതിട്ട പ്രസ്സ് ക്ലബില്‍ ‘ജനമനസ്സ്’ എന്ന പേരില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം തുടര്‍ച്ചയായി ഭരിച്ചിരുന്ന ത്രിപുരയില്‍ ബി ജെ പി അധികാരത്തില്‍ വരാന്‍ കാരണം കോണ്‍ഗ്രസ്സാണ്. ത്രിപുരയില്‍ ഒരു സീറ്റു പോലും ഇല്ലാതിരുന്ന ബി ജെ പി യിലേക്ക് ആദ്യം ചേര്‍ന്നത് കോണ്‍ഗ്രസ്സിലെ ആറ് അംഗങ്ങളാണ്. അരുണാചല്‍ പ്രദേശിലും കോണ്‍ഗ്രസ്സാണ് ബി ജെ പി ആയി മാറിയതെന്നും ബേബി ആരോപിച്ചു.പത്ത് വര്‍ഷം എല്‍ ഡി എഫ് സംസ്ഥാനത്ത് എന്താണ് ചെയ്തതെന്നത് വച്ചുള്ള ചര്‍ച്ച നടക്കണം. നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആരോഗ്യ മന്ത്രി മത്സരിക്കുന്ന ജില്ല കൂടിയാണ് പത്തനംതിട്ട. ആരോഗ്യ മേഖലയില്‍ കഴിഞ്ഞ കാലയളവില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞതായി ചൂണ്ടിക്കാട്ടി ഒരു ഡോക്ടര്‍ തനിക്ക് മെസേജ് അയച്ചതായും എം എ ബേബി പറഞ്ഞു.ആരോഗ്യ മേഖലയില്‍ പിഴവുകളുണ്ടെന്നത് സമ്മതിക്കുന്നു. കുറ്റമറ്റ രീതിയില്‍ ചെയ്യാന്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ലോകത്തെവിടെയും തെറ്റുകള്‍ സംഭവിക്കാം. സര്‍ജന്മാരും അതില്‍ നിന്ന് വിമുക്തരല്ല. എന്നാല്‍, ലോകത്തെയാകെ കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിലെ പിഴവുകളുടെ തോത് കുറവാണ്. അതേസമയം. ഒരു തരത്തിലും തെറ്റുകള്‍ സംഭവിക്കാന്‍ പാടില്ല എന്ന് തന്നെയാണ് നിലപാടെന്നും സി പി എം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.