കൊച്ചി|യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. പറവൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററുടെ പരാതിയിലാണ് നടപടി. ഔദ്യോഗിക വാഹനത്തിന്റെ പെനാല്‍റ്റി അടിച്ചിട്ടില്ല, സ്വര്‍ണത്തിന്റെ മൂല്യം കുറച്ച് കാണിച്ചു എന്നീ ആരോപണം ഉന്നയിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്.ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, തുക എത്ര എന്ന് പറഞ്ഞിട്ടില്ല. അഭിഭാഷകൻ ആണെന്ന് പറഞ്ഞെങ്കിലും വരുമാനത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും പരാതിയിൽ പറയുന്നു. സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്താണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ എതിര്‍പ്പുമായി ടൈസണ്‍ മാസ്റ്റര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് വി ഡി സതീശന്‍ വരണാധികാരിക്ക് വിശദീകരണം നല്‍കി.ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്ന യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നതും മാറ്റിവെച്ചു. അവസാനം പരിഗണിക്കാമെന്നാണ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് പരാതി.ഇന്ന് പത്രികകളുടെ സൂക്ഷ്മപരിശോധനക്കിടെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പത്രിക പരിഗണിക്കുന്നത് അവസാനത്തേക്ക് മാറ്റിവെക്കുന്നത്. കുന്നംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീന്റെയും മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രഭാകരന്റെയും നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു.കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി റെജി ചെറിയാന്റെ ഒരു സെറ്റ് പത്രിക തള്ളി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി ഇന്നലെ അവസാനിച്ചിരുന്നു. നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കുകയാണ്. മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാനാകും. പോളിങ് ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ന് മുതല്‍ 29 വരെ നടക്കും.