എല്‍ ഡി എഫ് എല്ലാ വര്‍ഗീയതക്കും എതിര്: മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ട: മുഖ്യമന്ത്രി

Wait 5 sec.

കോഴിക്കോട് | എല്ലാ വര്‍ഗീയതക്കും എതിരാണ് സി പി എമ്മും എല്‍ ഡി എഫുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ്-എസ് ഡി പി ഐ ധാരണയുണ്ടെന്ന ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ മുഖ്യമന്ത്രി അത് എസ് ഡി പി ഐക്കാരോട് പോയി ചോദിക്കണമെന്ന് മറുപടി നല്‍കി. ഒരു വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയാണെന്ന് കുറ്റപ്പെടുത്തി.നുണപ്രചാരണങ്ങളാണ് യു ഡി എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. യു ഡി എഫിനെപ്പോലെ വര്‍ഗീയ പ്രസ്ഥാനങ്ങളോട് കൂട്ടുകൂടാന്‍ സി പി എമ്മിനെ കിട്ടില്ല. കോണ്‍ഗ്രസ്സിനെ പവിത്രമാക്കി ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍. നാട്ടുകാര്‍ ഇത് വിശ്വസിക്കില്ല.തന്റെ പെരുമാറ്റം ശരിയാണോ അല്ലയോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പൊതുവേദിയിലെ പെരുമാറ്റത്തെ കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുനടക്കേണ്ട കാര്യം തനിക്കില്ല. താന്‍ ഇന്നലെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെതിരെ ഹരിയാനയില്‍ ഉയര്‍ന്നുവന്ന സ്ഥാനാര്‍ഥിത്വത്തിനായുള്ള കോഴ ആരോപണം ഗുരുതര സ്വഭാവമുള്ളതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. ആരോപണം വ്യാജമാണെങ്കില്‍ നിഷേധിക്കാം, നിയമനടപടികള്‍ സ്വീകരിക്കാം. പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ആളെ കുറിച്ചുയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസ്സ് ആഭ്യന്തര അന്വേഷണം പോലും നടത്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.