കൊച്ചി | നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ യുവതികള്‍ ഉള്‍പ്പെടെ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊക്കെയ്ന്‍, എം ഡി എം എ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടവന്ത്ര പോലീസും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്ന് റെയ്ഡ് നടത്തിയത്.ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷാജി ഫെര്‍ണാണ്ടോ (ഷോണ്‍-44), റസ്റ്റോറന്റ് നടത്തിപ്പുകാരനായ കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ് (31), കലൂര്‍ സ്വദേശി അഡ്വ. രോഹിത് നായര്‍ (25), ബിസിനസ്സുകാരനായ ആലുവ സ്വദേശി ജിനോ മുരളി, ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷന്‍ അക്ബര്‍ ഷാ (30), പന്തളം സ്വദേശിനിയായ ദന്തഡോക്ടര്‍ ബെന്‍സി റാവുത്തര്‍ (29), ഫിസിയോ തെറാപ്പിസ്റ്റായ കൊല്ലം സ്വദേശിനി സെയ്തലി ഫാത്തിമ (29), ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി അമല്‍ റൗഫ് (26) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഹോട്ടലില്‍ സ്ഥിരമായി മുറിയെടുത്ത് സംഘം ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.