ആർഎസ്എസും ബിജെപിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർച്ച നേടിയെങ്കിലും മതനിരപേക്ഷതയുടെ വിളനിലമായ കേരളം അവരെ പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരുവിക്കര മണ്ഡലം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾ അവരെ സ്വീകരിക്കാത്തതിന്റെ വിരോധം പകയായും വിദ്വേഷമായും മാറിയെന്നും, ‘കേരളം തകരട്ടെ’ എന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിർണ്ണായക ഘട്ടത്തിൽ കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം കോൺഗ്രസും യുഡിഎഫും കേന്ദ്ര ഗവൺമെന്റിനെയും അവരുടെ ജനവിരുദ്ധ നിലപാടുകളെയും സഹായിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫിന്റേത് കേന്ദ്രത്തോടുള്ള വിനീത വിധേയത്വം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാടുകളെ പാർലമെന്റിലിരിക്കുന്ന യുഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നികുതി വിഹിതം വെട്ടിക്കുറച്ചും വായ്പാ പരിധി നിശ്ചയിച്ചും കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ ഒരക്ഷരം പോലും മിണ്ടാതെ യുഡിഎഫ് കേന്ദ്രത്തെ സഹായിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങളിൽ പോലും അർഹമായ സഹായം നൽകാതെ കേന്ദ്രം അവഗണന തുടരുമ്പോൾ കേരളത്തിന്റെ വികാരത്തിനൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല. കേന്ദ്രത്തിന്റെയും ആർഎസ്എസിന്റെയും അതേ വികാരമാണ് കോൺഗ്രസിനുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ALSO READ: കേരളത്തിലെ വികസനം ചർച്ചയാക്കാൻ പ്രതിപക്ഷത്തിന് ഭയം; മോദിയും രാഹുലും ‘നുണയന്ത്രങ്ങൾ’: ബൃന്ദാ കാരാട്ട്അതിജീവനത്തിന്റെ എൽഡിഎഫ് മാതൃക കേന്ദ്ര അവഗണനയ്ക്കിടയിലും ജനങ്ങൾ ഐക്യത്തോടെ കൂടെ നിന്നതുകൊണ്ടാണ് ലോകം അത്ഭുതത്തോടെ നോക്കുന്ന അതിജീവനം കേരളത്തിന് സാധ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016-ൽ അധികാരത്തിൽ വരുമ്പോൾ എല്ലാ മേഖലകളിലും പിന്നിലായിരുന്ന കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ എൽഡിഎഫിന് സാധിച്ചു. 64,000 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് ഇതിന് തെളിവാണ്. ലോകത്ത് അപൂർവ്വം രാജ്യങ്ങൾ മാത്രം കൈവരിച്ച ഈ നേട്ടം പാവങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വികസനവും സാമൂഹിക സുരക്ഷയും തകർച്ചയിലായിരുന്ന പൊതുവിദ്യാഭ്യാസ മേഖലയെ ഹൈടെക് സംവിധാനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിന് കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 18 മാസത്തോളം കുടിശ്ശികയായിരുന്ന ക്ഷേമ പെൻഷനുകൾ കൃത്യമായി നൽകുന്നതും കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതും എൽഡിഎഫ് മാത്രമാണ്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ വർഗീയ കലാപങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാത്തത് വർഗീയ നീക്കങ്ങളോട് സർക്കാർ സ്വീകരിക്കുന്ന കർക്കശമായ നിലപാട് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങളോടൊപ്പം പത്തുവർഷം കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് ജനങ്ങൾക്കൊപ്പമാണ് സഞ്ചരിച്ചത്. ജനങ്ങൾ സർക്കാരിനെ വിശ്വസിക്കുകയും സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പിലും ആ വിശ്വാസമാണ് കരുത്ത്. തുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കാനും പുതിയ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനും എൽഡിഎഫിന്റെ തുടർച്ച അനിവാര്യമാണെന്ന് ജനങ്ങൾ ചിന്തിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.The post കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.