ന്യൂഡല്‍ഹി | ഹരിയാനയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വ്യാപകമായി വോട്ട് വെട്ടല്‍ നടന്നതായുള്ള തെളിവുകള്‍ പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ രീതിയില്‍ വോട്ട് വെട്ടല്‍ നടന്നതായി കണ്ടെത്തിയത്. സോനിപത് ജില്ലയിലെ റായ് നിയോജക മണ്ഡലത്തിലെ മാലിക്പൂര്‍ ഗ്രാമത്തില്‍ വ്യാപക വോട്ട് വെട്ടല്‍ നടന്നതായി ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടായിരുന്ന പലരും മാസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് നടന്ന നിയമസഭയിലെ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരാകുകയായിരുന്നു. ഒരു കുടുംബത്തില്‍ നിന്ന് തന്നെയുള്ള പലരെയും ഒരുമിച്ച് നീക്കം ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെങ്കിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടമായെന്ന് അഞ്ജലി എന്ന വോട്ടര്‍ പറഞ്ഞു. പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഇത് ക്ലറിക്കല്‍ പ്രശനമോ സാങ്കേതിക പിഴവോ അല്ലെന്നും ആസൂത്രിതമായി നീക്കം ചെയ്തതാണെന്നും കോണ്‍ഗ്രസ്സ് വക്താവ് രാകേഷ് സൗദ പറഞ്ഞു.യഥാര്‍ഥ വോട്ടര്‍മാരോ?ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് വോട്ടെടുപ്പില്‍ വ്യാജ വോട്ട് ചെയ്തുവെന്ന് പറയപ്പെടുന്ന ചിലര്‍ തങ്ങള്‍ യഥാര്‍ഥ വോട്ടര്‍മാരാണെന്ന അവകാശവാദവുമായി രംഗത്തെത്തി. വോട്ടര്‍പ്പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോയുള്ളവര്‍ എന്ന് പറയപ്പെടുന്ന മൂന്ന് വനിതകളാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. മൂന്ന് പേരും വോട്ട് ചെയ്തതായും അറിയിച്ചു. പിങ്കി ജുഗീന്ദര്‍ കൗശിക് എന്ന വനിത തന്റെ വോട്ടര്‍ ഐ ഡിയില്‍ ചിത്രം തെറ്റായി അച്ചടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. തെറ്റായ ചിത്രം അച്ചടിച്ചാണ് ആദ്യം വോട്ടര്‍ ഐ ഡി കാര്‍ഡ് ലഭിച്ചതെന്നും തിരുത്തിയ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ടര്‍ സ്ലിപ്പും ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു.സമാനമായ പ്രശ്നം നേരിട്ടതായി സ്വീറ്റി എന്ന വനിതയും പറഞ്ഞു. വോട്ട് ചെയ്യാന്‍ ഒരു പ്രശ്നവും ഉണ്ടായില്ല. 2012ലെ വോട്ടര്‍ കാര്‍ഡും കമ്മീഷന്‍ നല്‍കിയ സ്ലിപ്പും ഉപയോഗിച്ചു. ചിത്രം തെറ്റായി വന്നതിനെപ്പറ്റി അറിയില്ലെന്നും അവര്‍ പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വോട്ട് ചെയ്‌തെന്ന് ഇതേ ചിത്രം തന്നെ വോട്ടര്‍പ്പട്ടികയില്‍ വന്ന മഞ്ജീത്ത് എന്ന യുവതിയും പറഞ്ഞതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ബ്രസീലിയന്‍ വനിതയുടെ ഫോട്ടോ 22 തവണ പത്ത് ബൂത്തുകളിലായി അച്ചടിക്കപ്പെട്ടത് എങ്ങനെയാണെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. ഒറ്റ വിലാസത്തില്‍ നിരവധി വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് രാഹുല്‍ ആരോപണം ഉന്നയിച്ച ചിലര്‍ തങ്ങള്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്ന വാദവുമായും രംഗത്തെത്തി. ഒന്നിലധികം വീടുകളും ഒന്നിലധികം കുടുംബങ്ങളും താമസിക്കുന്ന വലിയ പ്ലോട്ടുകളിലാണ് താമസിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇതെന്ത് ഭ്രാന്ത്?ഹരിയാനയിലെ വോട്ടര്‍പ്പട്ടികയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിന്റെ ഞെട്ടലില്‍ ബ്രസീലിയന്‍ മോഡല്‍ ലാരിസ ബൊനേസി. തന്റെ പഴയ ചിത്രമാണ് പട്ടികയില്‍ മറ്റ് പേരുകള്‍ക്കൊപ്പമുള്ളതെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു. പഴയ ചിത്രം അവര്‍ ഇന്ത്യയില്‍ വോട്ടിനായി ഉപയോഗിക്കുന്നു. പരസ്പരം പോരടിക്കാന്‍ അവര്‍ തന്റെ ചിത്രം ഉപയോഗിക്കുന്നു. എന്ത് ഭ്രാന്താണെന്ന് നോക്കൂവെന്നും ലാരിസ പറഞ്ഞു. ലാരിസയുടെ ചിത്രം ഉപയോഗിച്ച് പത്ത് ബൂത്തുകളിലായി 22 വോട്ട് ചേര്‍ത്തതിന്റെ തെളിവുകള്‍് രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു.എച്ച് ഫയലില്‍ തിര. കമ്മീഷന് മൗനംന്യൂഡല്‍ഹി | ഹരിയാനയിലെ വോട്ട് കവര്‍ച്ച സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ നല്‍കിയിട്ടില്ല. രാജ്യത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രതികരിക്കേണ്ടതുണ്ട്. എന്നാല്‍, ആരോപണം ഉന്നയിച്ച് ദിവസം പിന്നിട്ടിട്ടും അക്കാര്യത്തില്‍ പ്രതികരണത്തിന് കമ്മീഷന്‍ തയ്യാറായിട്ടില്ല.അതേസമയം, ആഗസ്റ്റില്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ച സമയത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അയച്ച നോട്ടീസ് ഹരിയാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സി ഇ ഒ) ഇന്നലെ എക്സില്‍ റീ പോസ്റ്റ് ചെയ്തു. വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിന്റേത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ച ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എതിര്‍പ്പുകള്‍ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് സി ഇ ഒ ചോദിക്കുന്നത്.2024ലെ പോളിംഗ് സമയത്ത് കോണ്‍ഗ്രസ്സ് പ്രതിനിധികളുമായി വോട്ടര്‍പ്പട്ടിക പങ്കിട്ടിരുന്നു. കോണ്‍ഗ്രസ്സ് അപ്പീലുകളൊന്നും നല്‍കിയില്ല. ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹരജി നല്‍കിയാല്‍ മാത്രമേ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാന്‍ കഴിയൂവെന്നും ഹരിയാന സി ഇ ഒ പ്രസ്താവനയില്‍ പറഞ്ഞു. ഹരിയാനയില്‍ 25 ലക്ഷം വ്യാജ വോട്ടുകളുണ്ടെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.