വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിട്ടും മരുന്ന് നല്‍കിയില്ല, രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു; തിരുവനന്തപുരത്ത് ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ

Wait 5 sec.

തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കുടുംബം. മരിച്ച വേണുവിന്റെ ഭാര്യ സിന്ധു ആശുപത്രിയുടെ വീഴ്ച ആവര്‍ത്തിച്ച് പറയുകയാണ്. ഹൃദയാഘാതമുണ്ടായ വേണുവിന് കിടക്ക പോലും കിട്ടിയില്ല. അദ്ദേഹം തുണിവിരിച്ചാണ് കിടന്നതെന്നും ഭാര്യ സിന്ധു പറഞ്ഞു. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയില്‍ കിടന്നു. വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു.പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നീട് പെട്ടെന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കാണാന്‍ പോലും സമ്മതിച്ചില്ല. വെന്റിലേറ്ററിലാണെന്ന്   പറഞ്ഞശേഷം പിന്നീട് മോര്‍ച്ചറിയില്‍വച്ചാണ് അദ്ദേഹത്തെ കാണുന്നത്. പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നല്‍കാതെ കൊന്നത്. ഇത്രയും വലിയ ചതിയാണ് ആശുപത്രിയിലുള്ളവര്‍ കാണിച്ചത്. എൈസിയുവില്‍ കയറി കാണാന്‍ അനുവദിച്ചില്ല.വെന്റിലേറ്ററിലാണെന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തിന് എന്തോ സംഭവിച്ചിരുന്നു. മരിച്ചശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചത്. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറിയതെന്നും സിന്ധു ആരോപിച്ചു. വേണുവിന്റെ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിന്ധു പറഞ്ഞു.വേണുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുറ്റക്കാരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. വേണുവിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും അനാഥരായി. അവര്‍ക്ക് നീതി ലഭിക്കണമെന്നും വേണുവിന്റെ സഹോദരന്‍ ബേബി പറഞ്ഞു.